ആലപ്പുഴ: ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിലെ ഇടതുമുന്നണി സ്ഥാനാർത്ഥികളുടെ പരാജയം വിലയിരുത്താനുള്ള സി.പി.എം ജില്ലാ നേതൃയോഗം 27മുതൽ 29 വരെ ആലപ്പുഴയിൽ നടക്കും. 27ന് ജില്ലാ സെക്രട്ടറിയേറ്റും 28, 29 തീയതികളിൽ ജില്ലാ കമ്മിറ്റി യോഗങ്ങളുമാണ് നടക്കുക.

ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ സി.പി.എം സ്ഥാനാർത്ഥി എ.എം ആരിഫിന്റെ പരാജയവും അതിലുപരി ശക്തി കേന്ദ്രങ്ങളിൽ പാർട്ടി രണ്ടും മൂന്നും സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതുമുൾപ്പെടെ ചർച്ചയാകും. പാർട്ടി സംസ്ഥാന സെക്രട്ടറി തെറ്റ് തിരുത്തലിന് തുടക്കം കുറിച്ച ആലപ്പുഴയിലെ വിവിധ ഘടകങ്ങളിൽ സംഭവിച്ച പിഴവുകൾക്ക് അതുമായി ബന്ധപ്പെട്ടവർ പിഴമൂളേണ്ടിവരും. ചേർത്തല, കുട്ടനാട്, അമ്പലപ്പുഴ, കായംകുളം മേഖലകളിൽ പാർട്ടി ഘടകങ്ങളിലെ അതിരൂക്ഷമായ വിഭാഗീയതയും കൊഴിഞ്ഞുപോക്കും പരസ്യ വിഴുപ്പലക്കലും വിമർശനങ്ങൾക്ക് വിധേയമാകും. രാമങ്കരിയിൽ കുത്തകയായിരുന്ന പഞ്ചായത്ത് ഭരണം നഷ്ടമാകാനിടയായ സാഹചര്യംവരെ ജില്ലാഘടകം പരിശോധിക്കും.

ഒആലപ്പുഴ ജില്ലാ ഘടകത്തിന് കീഴിലുള്ള മാവേലിക്കരയിൽ മുന്നണി സ്ഥാനാർത്ഥി സി.പി.ഐയിലെ സി.എ അരുൺകുമാറിന്റെ പരാജയവും പരിശോധനയ്ക്ക് വിധേയമാകും.