തുറവൂർ:കുത്തിയതോട് പഞ്ചായത്തിലെ സെക്രട്ടറി, അസി.സെക്രട്ടറി തസ്തികകളിൽ നിയമനം വൈകുന്നതിൽ പ്രതിക്ഷേധിച്ച് ബി.ജെ.പി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി. നാലുകുളങ്ങര ജംഗ്ഷനിൽ നിന്ന് ബി.ജെ.പിയുടെ വാർഡ് അംഗങ്ങൾ ഉൾപ്പെടെ നിരവധി പ്രവർത്തകർ പഞ്ചായത്തിലേക്ക് പ്രകടനമായാണ് എത്തിയത്. മാസങ്ങളായി സെക്രട്ടറിയും അസി.സെക്രട്ടറിയും ഇല്ലാത്തതിനാൽ പഞ്ചായത്ത് ഭരണം സ്തംഭനാവസ്ഥയിലാണെന്നും പൊതുജനങ്ങളുടെ ബുദ്ധിമുട്ട് ഉടൻ പരിഹരിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. ബി.ജെ.പി സംസ്ഥാന സമിതി അംഗം സി.മധുസൂദനൻ ധർണ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം സി.എ.പുരുഷോത്തമൻ, അരൂർ മണ്ഡലം പ്രസിഡന്റ് രൂപേഷ് എൻ.പൈ, മണ്ഡലം ജനറൽ സെക്രട്ടറി എസ്.വി. അനിൽകുമാർ, ബിജു പൊന്നുംകണ്ടത്തിൽ, അനുമോൾ, സുജിത്ത് ശ്രീദേവി, കൃഷ്ണദാസ് തുടങ്ങിയവർ സംസാരിച്ചു.