ph

കായംകുളം: കായംകുളത്ത് ലോട്ടറി വിൽപ്പനക്കാരിയെ കബളിപ്പിച്ച് പണവും ലോട്ടറി ടിക്കറ്റുകളും തട്ടിയെടുത്ത കേസിൽ പ്രതിയെ കായംകുളം പൊലീസ് അറസ്റ്റുചെയ്തു. പുനലൂർ കരവാളൂർ വ്ളാത്തൂർ വീട്ടിൽ നിന്നും കൊല്ലം ചന്ദനത്തോപ്പ് മേക്കോൺ ജംഗ്ഷന് കിഴക്ക് വശം മുംതാസ് ഹൗസിൽ വാടകയ്ക്ക് താമസിക്കുന്ന ഷാജ് (53) ആണ് പിടിയിലായത്.

കഴിഞ്ഞ 7ന് രാവിലെ 11 മണിക്ക് കായംകുളം ദേശീയപാതയിൽ കമലാലയം ജംഗ്ഷന് തെക്ക് വശം ലോട്ടറി വിൽക്കുന്ന മായയാണ് തട്ടിപ്പിന് ഇരയായത്. 10000 രൂപ ലഭിക്കുന്നതിന് വേണ്ടി സമ്മാനാർഹമായ നമ്പർ ടിക്കറ്റിൽ തിരുത്തി മായയെ ഏൽപ്പിച്ച ശേഷം 6000 രൂപ പണമായും 2000 രൂപയുടെ ലോട്ടറി ടിക്കറ്റുകളും വാങ്ങിയശേഷം കടന്നു കളയുകയായിരുന്നു.

തുടർന്ന് സമാന കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെ നിരീക്ഷിച്ച് കായംകുളം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. കായംകുളം എസ്.ഐ. രതീഷ് ബാബുവിന്റെ നേതൃത്വത്തിൽ പൊലീസുദ്യോഗസ്ഥരായ അഖിൽ മുരളി, പ്രദീപ്, അനൂപ്, ശ്രീനാഥ്, ഗോപകുമാർ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.