ഹരിപ്പാട് : നിർമ്മാണം പൂർത്തിയായി ദിവസങ്ങൾക്കുള്ളിൽ, കൊച്ചുവീട്ടിൽ മുക്ക് മുതൽ ഏവൂർ പനച്ചമൂട് വരെയുള്ള റോഡിലെ ടാറിംഗ് ഇളകിയതിനെതിരെ പ്രതിഷേധം കനക്കുന്നു. രണ്ടര കിലോമീറ്ററോളം വരുന്ന റോഡ് റീബിൽഡ് കേരള ഇനിഷ്യറ്റീവ് സ്കീമിൽ മൂന്നേകാൽ കോടി രൂപ ചിലവഴിച്ച് ആധുനിക രീതിയിലാണ് നിർമ്മിച്ചത്.
റോഡ് നിർമ്മാണത്തിലെ ക്രമക്കേടിലും കെടുകാര്യസ്ഥതയിലും അന്വേഷണം ആവശ്യപ്പെട്ട് ഹരിപ്പാട് എം.എൽ.എ രമേശ് ചെന്നിത്തല തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രിക്ക് കത്ത് നൽകിയിരുന്നെങ്കിലും ഇതുവരെ യാതൊരു മറുപടിയും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. റോഡ് നിർമ്മാണത്തിലെ വീഴ്ചയെപ്പറ്റി അന്വേഷണം ആവശ്യപ്പെട്ട് സി.പി.എം ചേപ്പാട് കിഴക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി ജോൺ ചാക്കോയും മുഖ്യമന്ത്രിക്കും, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.
2018 ലെ രൂക്ഷമായ വെള്ളപ്പൊക്കത്തിൽ റോഡ് തകർന്നു പോയിരുന്നു
2022 ൽ ആരംഭിച്ച പുനർനിർമ്മാണം ഇതു വരെ അവസാനിച്ചിട്ടില്ല
1000 മീറ്റർ ഓടയും കൾവർട്ടും ഇതിനോടൊപ്പം ഉണ്ടായിരുന്നു
റോഡിന്റെ ഉയരം കുറഞ്ഞു
1.വെള്ളപ്പൊക്കകെടുതി ഏററവും കൂടുതൽ അനുഭവപ്പെടുന്ന റോഡിന്റെ ഇപ്പോഴത്തെ ഉയരം മുമ്പുണ്ടായിരുന്നതിനേക്കാൾ താഴ്ന്ന നിലയിലാണ്
2.കൃത്യമായി ടാർ ചെയ്യാൻ സാധിക്കാത്തത് കാരണം റോഡ് പൊളിയുകയും മെറ്റൽ തെളിഞ്ഞ് നിൽക്കുകയും ചെയ്തിരിക്കുകയാണ് ഇപ്പോൾ
3.റോഡിൽ കൂടി വന്ന വാഹനം കൊച്ചു വീട്ടിൽ മുക്കിന് തെക്ക് വശം ടാർ ചെയ്ത ഭാഗത്ത് താഴുന്ന അവസ്ഥയുണ്ടായി.
നിർമ്മാണ ചെലവ് : 3.25 കോടി
നിർമ്മാണത്തിലെ ഗുരുതരമായ അനാസ്ഥക്കെതിരെ കരാറുകാരനെതിരെയും പൊതുഫണ്ടിന്റെ വിനിയോഗവുമായി ബന്ധപ്പെട്ടുള്ള എൽ.ഡി.എഫ് സർക്കാരിന്റെ നയത്തിനെതിരായി പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കണം
- ജോൺ ചാക്കോ
സി.പി.എം ചേപ്പാട് കിഴക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി
പ്രദേശവാദികളുടെ പ്രതിഷേധത്തെതുടർന്ന് സ്ഥലം സന്ദർശിച്ച ടെക്നിക്കൽ ടീം അംഗങ്ങൾ പരസ്പര വിരുദ്ധമായ കാരണങ്ങളാണ് നാട്ടുകാരുമായി പങ്കുവച്ചത്
- ഡോ. ബി.ഗിരീഷ് കുമാർ,ചേപ്പാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി
റോഡിൽ ലോറി താഴ്ന്നപ്പോൾ പ്രതിഷേധം ശക്തമായി. ലോറി താഴ്ന്ന ഭാഗം മാത്രം ജെ.സി.ബി കൊണ്ട് ശരിയാക്കാൻ ശ്രമിച്ചു. കൂടുതൽ ദുരിതമായുള്ള 400 മീറ്റർ ഭാഗവും ശരിയാക്കാതെ മറ്റു പണികൾ ചെയ്യാൻ അനുവദിക്കില്ലെന്ന് നാട്ടുകാരും നിലപാടെടുത്തു
- കെ.എസ്.ശ്രീമോൻ, ബിജെപി പ്രവർത്തകൻ