
ആലപ്പുഴ: ഇന്നലെ വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും ജില്ലയിൽ വ്യാപക നാശം. മരങ്ങൾ കടപുഴുകി വീണ് 20 വീടുകളുടെ മേൽക്കൂര തകർന്നു. അമ്പലപ്പുഴ, കാർത്തികപ്പള്ളി, ചേർത്തല താലൂക്കുകളിലാണ് നാശം ഏറെയും. മരങ്ങൾ വീണണ് വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞുവീണതോടെ നാടാകെ ഇരുട്ടിലായി. കരകൃഷിയും നശിച്ചു.
ആലപ്പുഴ നഗരം, തലവടി, തകഴി, അമ്പലപ്പുഴ, പുന്നപ്ര എന്നിവടങ്ങളിലാണ് കാറ്റ് ഏറെ നാശംവിതച്ചത്. തലവടി, തകഴി പ്രദേശങ്ങളിൽ മരങ്ങൾ കടപുഴകിവീണു . തലവടി പഞ്ചായത്ത് 11-ാം വാർഡിൽ വരിക്കോലിൽ പ്രസന്ന കുമാറിന്റെ വീടിന്റെയും തൊഴുത്തിന്റെ മുകളിൽ മരം കടപുഴകി വീണു. തൊഴുത്തിലുണ്ടായിരുന്ന പൂർണ്ണ ഗർഭിണിയായ പശുവിനും മറ്റൊരു പശുനും പരിക്കേറ്റു.
തകഴി പഞ്ചായത്ത് 7 -ാം വാർഡിൽ നന്ത്യാട്ടുകരി പാടശേഖരത്തെ കരിയിൽ പുരയിടത്തിൽ നിന്ന തെങ്ങ് വീണു പുറംബണ്ടിൽ കെട്ടിയിട്ടിരുന്ന വള്ളം തകർന്നു. കരുമാടി കെ.കെ.കുമാരപിള്ള സ്മാരക ഗവ. ഹൈസ്‌ക്കുളിന്റെ കിഴക്ക് യു.പി വിഭാഗം കെട്ടിടത്തിന്റെ മേൽക്കൂര മരംവീണ് ഭാഗികമായി തകർന്നു. മേൽക്കൂരയിലെ സീലിംഗും, ഓടുകളും പറന്ന് പോയി. കുട്ടികളെ നേരത്തെ വിട്ടതിനാൽ വലിയ ദുരന്തം ഒഴിവായി. ആലപ്പുഴ നഗരത്തിൽ എഫ്.സി.ഐ ഗോഡൗൺ, തലവടി, എന്നിവടങ്ങളിൽ മരങ്ങൾ വീണു. എടത്വാ-തകഴി സംസ്ഥാന പാതയിൽ ചെക്കിടിക്കാട് മിൽമ ജംഗ്ഷന് സമീപത്ത് നിന്ന മരം കടപുഴകി വീണ് അല്പസമയം ഗതാഗത തടസം ഉണ്ടായി.
പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാർഡിൽ കാളുതറ സുദേവിന്റെ വിടിനുമുകളിൽ മാവിന്റെ ചില്ല ഒടിഞ്ഞുവീണ് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. എട്ടിൽ മുരളിയുടെ വീടിന് സമീപത്തെ പോസ്റ്റ് മരം വീണ് ഒടിഞ്ഞു. വെട്ടിക്കരി ഷാപ്പിനുമുകളിൽ മരം വീണ് കെട്ടിടം പൂർണമായും തകർന്നു. പുറക്കാട് പഞ്ചായത്ത് രണ്ടാം വാർഡിൽ മുതിരപ്പറമ്പിൽ വത്സലയുടെ വീടിനു മുകളിൽ മരം മറിഞ്ഞുവീണ്ഭാഗിക നാശനഷ്ടം സംഭവിച്ചു.അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 11ാം വാർഡ് ആഞ്ഞിലിപ്പറമ്പ് തൈക്കാവ് ഭാഗത്ത് കൂറ്റൻ തേക്ക് വീണു പോസ്റ്റ് നിലം പൊത്തി. അമ്പലപ്പുഴ തെക്ക് ഒമ്പതാം വാർഡ് കരുമാടിവടക്കേ പുത്തൻപുരക്കൽ രത്നമ്മയുടെ വീട് മാവും കമുകും വീണ് തകർന്നു.