ചേർത്തല:മുംബയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെന്നു തെറ്റിദ്ധരിപ്പിച്ച് ചേർത്തലയിലെ വ്യാപാരിയിൽ നിന്നും 61.40 ലക്ഷം രൂപ തട്ടിയ കേസിൽ മുഖ്യ പ്രതികളെ തേടി പൊലീസ് സംസ്ഥാനത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചു. സംസ്ഥാനത്ത് നിന്നുള്ള പിന്തുണയിൽ വടക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള സംഘമാണ് തട്ടിപ്പു നടത്തിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.മുഖ്യ സൂത്രധാരരെ പറ്റിയും പൊലീസിനു സൂചന ലഭിച്ചിട്ടുള്ളതായാണ് വിവരം.
നിലവിൽ സംഭവവുമായി ബന്ധപെട്ട് പിടിയിലായ മലയാളികളിൽ നേരിട്ടു ബന്ധമുണ്ടെന്ന് കരുതുന്നവരെ കൂടുതൽ ചോദ്യം ചെയ്താൽ മുഖ്യആസൂത്രകരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് അന്വേഷണം സംഘം കണക്കു കൂട്ടുന്നത്.
കോഴിക്കോട് താമരശേരി സ്വദേശി ആദിൽ മിഥിലാജ്(25),വയനാട് മാനന്തവാടി കൊല്ലൂർ സ്വദേശി നിബിൻ നിയാസ്(22),വയനാട് മാനന്തവാടി സ്വദേശി മുഹമ്മദ് റിസ്വാൻ(21),എറണാകുളം ഐക്കരനാട് സ്വദേശി എബിൻ പി.ജോസ്(28) എന്നിവരെയാണ് പൊലീസ് സൈബർസെല്ലിന്റെ സഹായത്തിൽ നടത്തിയ അന്വേഷണത്തിൽ പിടികൂടിയത്. നാലുപേരും റിമാൻഡിലാണ്.ഇവരിൽ ആദിൽമിഥിലാജ്,എബിൻ.പി.ജോസ് എന്നിവരെ കസ്റ്റഡിയിൽ കിട്ടുന്നതിന് പൊലീസ് ചേർത്തല മജിസ്‌ട്രേറ്റ് കോടതി ഒന്നിൽ ചേർത്തല പൊലീസ് അപേക്ഷ നൽകിയിട്ടുണ്ട്.