maram-katapuzhaki

മാന്നാർ : ഇന്നലെ ഉച്ചകഴിഞ്ഞുണ്ടായ ശക്തമായ കാറ്റിലും മഴയിലും മാന്നാറിന്റെ വിവിധ ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി വീണ് വൈദ്യുതി ബന്ധം തകരാറിലായി. കുട്ടമ്പേരൂർ 16-ാം വാർഡിൽ തൈവിള കോളനിക്കു സമീപവും 15-ാം വാർഡിൽ വടക്ക് ഭാഗം മുളവനേത്ത് റോഡിലും മരങ്ങൾ വൈദ്യുതി ലൈനിലേക്ക് വീണതിനെ തുടർന്നാണ് വൈദ്യുതി മുടങ്ങി​യത്. കുട്ടമ്പേരൂർ അഭിനന്ദനത്തിൽ ആർ.അനീഷിന്റെ പുരയിടത്തിലെ ആഞ്ഞിലി മരമാണ് വേരോടെ പിഴുത് വീണത്. റോഡിന് കുറുകെ രണ്ട് വീടുകൾക്കിടയിലേക്കാണ് മരം വീണത്. കുന്നുതറയിൽ ഗീതയുടെ വീടിന്റെ അതിരിൽ നിന്നിരുന്ന വൈദ്യുതി പോസ്റ്റ് റോഡിലേക്ക് ഒടിഞ്ഞു വീഴുകയും വീടിന്റെ ഭിത്തിയിൽ സ്ഥാപിച്ചിരുന്ന മീറ്റർ ഉൾപ്പെടെയുള്ള വൈദ്യുതി ഉപകരണങ്ങൾ തകർന്ന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഈ സമയം പ്രദേശത്ത് വൈദ്യുതിയില്ലാതിരുന്നതിനാൽ കൂടുതൽ അപകടങ്ങൾ ഒഴിവായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ വി.ആർ. ശിവപ്രസാദ് എന്നിവർ സ്ഥലത്തെത്തി ആവശ്യമായ നടപടികൾ കൈക്കൊണ്ടു.