ആലപ്പുഴ: പക്ഷിപ്പനിയെക്കുറിച്ച് പഠിക്കുന്നതിന് നിയോഗിച്ച വിദഗ്ധ സംഘം രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങൾ ഇന്നും നാളെയും സന്ദർശിക്കും. ഇന്ന് പത്തനംതിട്ട, കോട്ടയം ജില്ലകളിലും നാളെ ആലപ്പുഴയിലുമാണ് സന്ദർശനം.
വെറ്ററിനറി സർവകലാശാലയിലെ ശാസ്ത്രജ്ഞർ, മൃഗസംരക്ഷണ വകുപ്പിലെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിലെ ഡോക്ടർമാർ, തിരുവല്ല ഏവിയൻ ഡിസീസ് ഡയഗ്‌നോസ്റ്റിക് ലാബിലെ വിദഗ്ധർ, മൃഗസംരക്ഷണ വകുപ്പിലെ ഉന്നതർ, സിനീയർ ഡോക്ടർമാർ എന്നിവരാണ് സംഘത്തിലുള്ളത്. രോഗ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് രോഗ നിയന്ത്രണമാർഗങ്ങളെകുറിച്ചുള്ള റിപ്പോർട്ട് ജൂലായ് 10ന് മുമ്പായി സർക്കാരിന് സമർപ്പിക്കും. ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആനിമൽ ഡിസീസ്, ബഗ്ളൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെറ്റിനറി എപ്പിഡെമിയോളജി ആൻഡ് ഡിസീസ് ഇൻഫർമാറ്റിക്സ് എന്നീ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ ഉറവിടം കണ്ടെത്തുന്നതിനുള്ള വിശദമായ പഠനം നടത്തും.
രോഗവ്യാപനം ദേശാടന പക്ഷികളിൽ നിന്ന്
രോഗവ്യാപനം ദേശാടന പക്ഷികളിൽ നിന്നാണെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ നിഗമനം. എന്നാൽ ദേശാടന പക്ഷികൾ സാധാരണ ഒക്ടോബർ മുതൽ മാർച്ച് വരെയാണ് എത്താറുള്ളത്. ഇത് മാർച്ചിൽ മടങ്ങി പോയ ശേഷം കുട്ടനാട്ടിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട പക്ഷിപ്പനിയാണ് ആശങ്കയായത്.