
ആലപ്പുഴ: നഗരസഭയിലെ കരളകം വാർഡിലുള്ള പടിഞ്ഞാറേ തോട്ടാത്തോട് പാലം പൊളിച്ചു പണിയുന്നതിന്റെ ഭാഗമായി നിർമ്മിച്ച ബണ്ട് നാട്ടുകാർക്ക് തലവേദനയായി. കരളകം പാടത്തെ വെള്ളത്തിന് വേമ്പനാട് കായലിലേക്ക് ഒഴുകാൻ വഴിയില്ലാതായതോടെ പ്രദേശത്തെ പുരയിടങ്ങൾ വെള്ളത്തിലായി. വീടുകളിൽ വെള്ളം കയറുമെന്ന സ്ഥിതി വന്നതോടെ തിങ്കളാഴ്ച രാത്രിയിൽ പ്രദേശവാസികൾ ബണ്ട് പൊളിച്ചു തുടങ്ങി. ഇന്നലെ വാർഡ് കൗൺസിലർ അമ്പിളി അരവിന്ദ് നഗരസഭാദ്ധ്യക്ഷയുടെ അനുമതിയോടെ ജെ.സി.ബി എത്തിച്ച് ബണ്ടിന്റെ കൂടുതൽ ഭാഗം പൊളിച്ചുമാറ്റിയതോടെയാണ് പ്രദേശത്തെ വെള്ളക്കെട്ടിന് നേരിയ ആശ്വാസമുണ്ടായത്.
ബണ്ട് കെട്ടിയത് പാലം പണിക്ക്
1. കാലപ്പഴക്കമുള്ള പാലം പൊളിച്ചു പണിയുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ മഴക്കാലം വരെ കാത്തിരുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. എം.എൽ.എ ഫണ്ടുപയോഗിച്ചുള്ള പി.ഡബ്ല്യു.ഡി വർക്കാണ് പാലം പുനർനിർമ്മാണം. നെഹ്റുട്രോഫി ജലമേളയ്ക്ക് മുമ്പ് പണി തീർക്കുകയാണ് ലക്ഷ്യം
2. വേനൽക്കാലത്ത് വെള്ളം വറ്റിക്കിടന്ന പ്രദേശത്ത് പണി നടത്താതെ മഴക്കാലത്ത് പണി തുടങ്ങിയതിൽ ജനങ്ങൾ രോഷാകുലരാണ്. കൊമ്മാടി, ചെമ്പന്തറ, കൈചൂണ്ടി മുക്ക് പ്രദേശങ്ങളിലെ വെള്ളം തോട്ടാത്തോട് വഴിയാണ് ഒഴുകുന്നത്
3. പി.ഡബ്യു.ഡി ബണ്ട് കെട്ടിയ സമയത്ത് തന്നെ പ്രദേശത്തെ സ്ഥിതി ജനപ്രതിനിധിയും നാട്ടുകാരും അറിയിച്ചിരുന്നതാണ്. വെള്ളം ഒഴുകാൻ വഴിയില്ലാതായതോടെ കരളകം, കൊറ്റംകുളങ്ങര, അവലൂക്കുന്ന് പ്രദേശങ്ങളിലെ പുരയിടങ്ങളിലാണ് വെള്ളം കയറിയത്
പാലം പണിയാൻ പൊളിച്ചിട്ടിട്ട് രണ്ട് മാസത്തോളമായി. വഴിയില്ലാതായതോടെ നാട്ടുകാർ
മതിൽ പൊളിച്ചുനൽകിയ വഴിയിലൂടെയാണ് ഞങ്ങൾ സഞ്ചരിക്കുന്നത്
- മധു തോട്ടാമഠം
പി.ഡബ്ല്യു.ഡി അധികൃതരെ അറിയിച്ച ശേഷമാണ് നഗരസഭയുടെ അനുമതിയോടെ ജെ.സി.ബി എത്തിച്ച് ബണ്ട് പൊളിച്ചത്
- അമ്പിളി അരവിന്ദ്, വാർഡ് കൗൺസിലർ