awre

മുഹമ്മ: ഇന്നലെ ഉച്ചയോടെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കാണപ്പെട്ട യുവാവിന്റെ മൃതദേഹം സംസ്കരിച്ചത് വെള്ളക്കെട്ടിൽ. മുഹമ്മ പഞ്ചായത്ത് കപ്പേള സ്കൂളിന് സമീപം നെല്ലിക്കാപ്പള്ളിൽ പരേതനായ സത്യന്റെ മകൻ സഞ്ജുവിന്റെ മൃതദേഹമാണ് വെള്ളക്കെട്ടിൽ സിമന്റ് കട്ടകൾ ഉയർത്തിക്കെട്ടിയ ചിതയിൽ സംസ്കരിക്കേണ്ടി വന്നത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം എത്തിച്ചപ്പോഴുണ്ടായ ശക്തമായ മഴയിൽ വീടും പരിസരവും വെള്ളക്കെട്ടിലായി. മുട്ടൊപ്പം വെള്ളം ഉയർന്നതോടെ നാട്ടുകാർ അഗ്നി രക്ഷാസേനയെ അറിയിക്കുകയായിരുന്നു. തുടർന്ന് ചേർത്തലയിൽ നിന്ന് അഗ്നി രക്ഷാസേന എത്തി വെള്ളം പമ്പ് ചെയ്തെങ്കിലും ചപ്പുചവറു കയറി എൻജിൻ കേടായതിനാൽ വെള്ളം പൂർണമായും വറ്റിക്കാനായില്ല. തുടർന്ന് നാട്ടുകാർ ചിത ഉയർത്തി നിർമ്മിച്ചതിനാൽ സംസ്കാരത്തിന് തടസമുണ്ടായില്ല. ലിസിമോളാണ് സഞ്ജുവിന്റെ മാതാവ്. സനു,സാനിയ എന്നിവർ സഹോദരങ്ങളാണ്.