
അമ്പലപ്പുഴ : ശക്തമായ മഴയിൽ ദേശീയപാതയിൽ പുറക്കാട് വെള്ളക്കെട്ട് രൂക്ഷമായിട്ടും അധികൃതർക്ക് അറിഞ്ഞ ഭാവമില്ലെന്ന് നാട്ടുകാർ. പുറക്കാട് പഞ്ചായത്തിലെ നിരവധി കുടുംബങ്ങൾ മാസങ്ങളായി വെള്ളക്കെട്ടിലായിട്ടും ആരും തിരിഞ്ഞുനോക്കുന്നില്ലെന്ന് അവർ പറയുന്നു. മാസങ്ങളായി ഇവിടെ വെള്ളക്കെട്ടുണ്ടെങ്കിലും മഴ കനത്തോടെ വലിയ ദുരിതത്തിലാണ് പ്രദേശവാസികൾ അനുഭവിക്കുന്നത്. ദേശീയ പാതയുടെ നവീകരണവുമായി ബന്ധപ്പെട്ട ഓട നിർമ്മാണം പൂർത്തിയാകാത്തതും പടിഞ്ഞാറ് ഭാഗത്ത് നിന്ന് വെള്ളം ഒഴുകി കൊണ്ടിരുന്ന പുറക്കാട് 17-ാം വാർഡിലെ രണ്ടു തൂമ്പുകളിലൊന്ന് തുറക്കാത്തതുമാണ് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണം. ദേശീയപാതയുടെ നവീകരണവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായി അടച്ചുവച്ച തൂമ്പ് അടിയന്തരമായി തുറക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. പുറക്കാട് പഞ്ചായത്തിന്റെ പരാതിയെ തുടർന്ന് തൂമ്പ് തുറക്കാമെന്ന്
ദേശീയപാത അധികൃതർ സ്ഥലം സന്ദർശിച്ച് ഉറപ്പു നൽകിയതാണ്. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല.