
തുറവൂർ : എലിവേറ്റഡ് ഹൈവേ നിർമ്മാണം കാരണമുള്ള യാത്രക്കാരുടെ തീരാദുരിതത്തിന് പരിഹാരം കാണാത്തതിനാൽ പ്രതിക്ഷേധിച്ച് നാട്ടുകാർ കുത്തിയതോട് ജംഗ്ഷനിൽ നിർമാണപ്രവർത്തനങ്ങൾ തടസപ്പെടുത്തി. ഇന്നലെ രാവിലെയായിരുന്നു സംഭവം. തുറവൂർ - അരൂർ എലിവേറ്റഡ് ഹൈവേ നിർമ്മാണം ആരംഭിച്ചതു മുതൽ യാത്ര ദുരിത പൂർണ്ണമാണ്. മാസങ്ങളായി അനുഭവിക്കുന്ന യാത്രാദുരിതത്തിന് അടിയന്തര പരിഹാരം ആവശ്യപ്പെട്ടാണ് നാട്ടുകാർ നിർമ്മാണം തടസപ്പെടുത്തിയത്. സനീഷ് പായിക്കാടൻ, അനിൽ ധനശ്രീ, സനൂബ് അസീസ്, തുറവൂർ ഷിഹാബ്, സജിൽ പായിക്കാടൻ, ബിജിരാജ്, നജീബ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് കുത്തിയതോട് എസ്.എച്ച്.ഒ ആസാദിന്റെ സാന്നിദ്ധ്യത്തിൽ നിർമ്മാണ കമ്പനി ഉദ്യോഗസ്ഥരായ വേണുഗോപാൽ,സദാനന്ദൻ സുരേഷ് എന്നിവരുമായി ചർച്ച നടത്തി. റോഡിന്റെ അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടത്താമെന്നും യാത്രക്കാർ നേരിടുന്ന മറ്റ് പ്രശ്നങ്ങൾ ഉടൻ പരിഹരിക്കാമെന്നും എലിവേറ്റഡ് ഹൈവേ നിർമ്മാണ കമ്പനി പ്രതിനിധികൾ ഉറപ്പ് നൽകി.