
മാന്നാർ : ആലപ്പുഴ പത്തനംതിട്ട ജില്ലകളിലെ ജനങ്ങൾക്ക് ഏറെ ആശ്വാസമാകുന്ന ഉപദേശിക്കടവ് പാലം അപ്രോച്ച് റോഡിന്റെ നിർമ്മാണം ഒക്ടോബറിൽ പൂർത്തിയാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു.
23.23 കോടി രൂപയ്ക്കാണ് പാലത്തിനു ഭരണാനുമതി നൽകിയത്. ഇനി പെയിന്റിംഗ് മാത്രമാണ് പൂർത്തിയാകാനുള്ളത്. അപ്രോച്ച് റോഡിനായി വീണ്ടും മണ്ണുപരിശോധന നടത്തി പുതിയ എസ്റ്റിമേറ്റും തയ്യാറാക്കി. പാലത്തിൽ നിന്ന്, ചെങ്ങന്നൂർ-പരുമല റോഡിലെ തിക്കപ്പുഴയിലേക്കാണ് അപ്രോച്ച് റോഡ് എത്തുന്നത്. നിലവിൽ ആറര മീറ്ററായിരുന്നു വീതി. ഇത് എട്ട് മീറ്റർ വീതിയായി വർദധിപ്പിച്ച് ഉന്നത നിലവാരത്തിൽ നിർമ്മിക്കും. ചിലർ സ്ഥലം വിട്ടുനൽകാൻ കഴിയില്ലെന്ന നിലപാട് എടുത്തതും കോടതിയെ സമീപച്ചതുമാണ് റോഡ് നിർമാണത്തിന് തടസമായത്.
പരുമലയിലെത്താൻ ദൂരലാഭം
1. കടപ്ര പഞ്ചായത്തിലെ വളഞ്ഞവട്ടം, പരുമല പ്രദേശങ്ങളെ ബന്ധിപ്പിച്ച് പമ്പാനദിക്ക് കുറുകെയാണ് പാലം
2. 2020 സെപ്തംബർ 17ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ശിലാസ്ഥാപനം നടത്തിയത്
3. പാലംപൂർത്തിയാകുന്നതോടെ കുറ്റൂർ, പ്രാവിൻകൂട്, കല്ലുങ്കൽ, വെൺപാല, തുകലശേരി പ്രദേശത്തുനിന്ന് വേഗത്തിൽ പരുമലയിലെത്താം.അഞ്ച് കിലോമീറ്ററോളം ദൂരം കുറയുകയും ചെയ്യും.
4. പരുമലയിൽ നിന്ന് ഉപദേശിക്കടവ് വഴി ആലംതുരുത്തിയിൽ എത്താൻ നാല് കിലോമീറ്റർ ലാഭമുണ്ടാകും. മാന്നാർ പരുമലക്കടവിലെ തിരക്കും ഒഴിവാകും
6. മാന്നാർ കുരട്ടിക്കാട് കോട്ടയ്ക്കൽ കടവ് പാലം കൂടി യാഥാർഥ്യമായാൽ മാന്നാറിന് താൽക്കാലിക ബൈപാസായും ഈ റോഡ് ഉപയോഗിക്കാം
പാലം
നീളം :271.50 മീറ്റർ
വീതി : 11 മീറ്റർ
നടപ്പാത വീതി : 1.5 മീറ്റർ
അപ്രോച്ച് റോഡിന്റെ നിർമാണം പരുമല തീർഥാടനം തുടങ്ങും മുമ്പ് പൂർത്തിയാക്കും
-മന്ത്രി പി.എ.മുഹമ്മദ് റിയാസ്