ആലപ്പുഴ: ശക്തമായ കാറ്റിലും മഴയിലും നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും വീടുകൾക്കും വാഹനങ്ങൾക്കും നാശനഷ്ടങ്ങളുണ്ടായി. കനത്തമഴയിൽ ആലപ്പുഴ കണിയാകുളം കൈതവനയിൽ ഗിരിജാകുമാരിയുടെ വീട് ഇടിഞ്ഞുവീണു. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. പഴവീട് സ്‌കൂളിന് സമീപം കാർ ഓടയിൽ വീണു. അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയാണ് വാഹനം പുറത്തെടുത്തത്. തുമ്പോളി റെയിൽവേ ക്രോസിന് സമീപവും എക്സൽ ഗ്ലാസ്സ് ഫാക്ടറിക്ക് സമീപവും റോഡിന് കുറുകെ മരം വീണ് ഗതാഗതം തടസപ്പെട്ടു. പുന്നപ്ര തെക്കുപഞ്ചായത്ത് 13ാം വാർഡിൽ സ്ഥിതിചെയ്യുന്ന ഫിഷ് ലാൻഡിംഗ് സെന്ററി സമീപം കെ.എസ്.ഇ.ബി ലൈനിലേക്ക് മരം വീണ് വൈദ്യുതിബന്ധം തടസ്സപ്പെട്ടു. ആലപ്പുഴ മുനിസിപ്പാലിറ്റി കാഞ്ഞിരംചിറ നാട്ടുകൂട്ടം ജംഗ്ഷന് കിഴക്ക് മരം റോഡിന് കുറുകെയായി ഇലക്ട്രിക് ലൈനിലേക്ക് വീണു. അഗ്‌നി രക്ഷസേന മരങ്ങൾ മുറിച്ചു മാറ്റി അപകടം ഒഴിവാക്കി.