
ഹരിപ്പാട്: കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും കാർത്തികപ്പള്ളി താലൂക്കിൽ വ്യാപകമായ നാശനഷ്ടം. പള്ളിപ്പാട്, ഹരിപ്പാട് ,ചെറുതന, കരുവാറ്റ ഭാഗങ്ങളിൽ മരച്ചില്ലകൾ ഒടിഞ്ഞ് വീണ് നിരവധി വീടുകൾക്ക് കേട് പാടുകൾ സംഭവിച്ചു. പള്ളിപ്പാട് നീണ്ടൂർ ശ്രീചക്ര നിലയത്തിൽ ബ്രഹ്മദത്തന്റെ വീടിന് മുൻ വശം നിന്നിരുന്ന മാവിന്റെ ശിഖിരം വീടിന്റെ മുകളിൽ പതിച്ച് ഭാഗികമായ നഷ്ടമുണ്ടായി .മരം വീണ് പല സ്ഥലങ്ങളിലും വൈദ്യുതി പോസ്റ്റുകൾ തകർന്നത് കാരണം ഒരുദിവസം കഴിഞ്ഞാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്.ശക്തമായ മഴക്ക് പിന്നാലെ കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതോടെ വീയപുരം, ചെറുതന ,പള്ളിപ്പാട് പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. മുതുകുളത്തും പരിസര പ്രദേശങ്ങളിലുമുണ്ടായ കാറ്റിലും മഴയിലും വ്യാപക നാശമുണ്ടായി. ഒട്ടേറെയിടങ്ങളിൽ മരങ്ങൾ നിലം പൊത്തുകയും മരച്ചില്ലകൾ ഒടിഞ്ഞു വീഴുകയും ചെയ്തു. മുതുകുളം വടക്ക് കടേശ്ശേരിൽ മിഥുലേഷ് മനോഹരന്റെ വീടിന് മുകളിലേക്ക് മരം വീണു. ഓടു പാകിയ മേൽക്കൂരക്കും പാരപ്പറ്റിനും കേടുപാടുണ്ടായി. കണ്ടല്ലൂർ വടക്ക് പുല്ലുകുളങ്ങര-അമ്പീത്തറ റോഡിലേക്ക് ആഞ്ഞിലി വീണ് വൈദ്യുതിത്തൂൺ ഒടിഞ്ഞു. ഇത് ഗതാഗത തടസത്തിനു കാരണമായി.