photo

ചേർത്തല : ഹോട്ടലുകളിലെ മലിനജലം സംസ്‌കരിക്കുന്നതിനുള്ള ജാപ്പനീസ് സാങ്കേതികവിദ്യ സ്‌ക്വാസ് സൊല്യൂഷൻസിന്റെ പരീക്ഷണപ്രദർശനം നഗരത്തിൽ നടന്നു. പയ്യന്നൂർ സ്വദേശിയും കമ്പ്യൂട്ടർ ശാസ്ത്രജ്ഞനുമായ ഡോ.ഹരീഷ് നമ്പ്യാരാണ് സംവിധാനമൊരുക്കിയത്. നിലവിലുള്ള സാങ്കേതിക വിദ്യകളേക്കാളും ചെലവ് കുറവും ലളിതവുമായ സാങ്കേതിക വിദ്യ താലൂക്കിലെ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ,കാറ്ററിംഗ് അസോസിയേഷൻ പ്രതിനിധികൾ, നഗരസഭാ ഉദ്യോഗസ്ഥർ, ഹരിത കേരള മിഷൻ പ്രതിനിധികൾ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ് പരീക്ഷിച്ചത്.

ഒരു വാഷിംഗ് മെഷീൻ പ്രവർത്തിപ്പിക്കുന്ന ചെലവിൽ ജല ശുദ്ധീകരണം നടത്താനാകുമന്നതാണ് സംവിധാനത്തിന്റെ സവിശേഷതയെന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾപറഞ്ഞു.

പ്രദർശനത്തിനുശേഷം നടന്ന സംശയ നിവാരണ സെഷനിൽ നഗരസഭാ സ്ഥിരം സമിതി ചെയർമാൻ ജി.രഞ്ജിത്ത്, സെക്രട്ടറി ടി.കെ.സുജിത്,ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ രാജേഷ്, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിഷൻ ഭാരവാഹികളായ വി. മുരളീധരൻ,എൻ.എച്ച്.നവാസ്,ജി.മോഹൻദാസ്,അപ്സര ബെന്നി,അൻസിൽ,അൻസാരി,ഷാജി കുട്ടനാട്,എം.എ. കരീം,ജെയിംസ് കുട്ടിതോമസ് എന്നിവർ സംസാരിച്ചു.

ഒരു മണിക്കൂറിൽ ശുദ്ധീകരിക്കാം 2000ലിറ്റർ

 ഒരു മണിക്കൂറിൽ രണ്ടായിരം ലിറ്റർ ഉപയോഗജലം സംസ്‌കരിക്കുന്നതിന് ശേഷിയുള്ള ടൈമ്പോവാനിൽ സജ്ജീകരിച്ച സഞ്ചരിക്കുന്ന സംസ്‌കരണ സംവിധാനമാണ് സ്‌ക്വാസ് സൊലൂഷൻസ്

 മലിനജലത്തിലെ തൊണ്ണൂറ് ശതമാനം മാലിന്യവും നീക്കം ചെയ്യാൻ സംവിധാനത്തിൽ ഉപയോഗിക്കുന്ന ധാതുക്കളുടെ മിശ്രിതം വഴി കഴിയും

 മലിന ജലത്തിലേക്ക് പൊടി രൂപത്തിലുള്ള മിശ്രിതം ചേർത്ത് മോട്ടോർ ഉപയോഗിച്ച് ശക്തമായി ഇളക്കുമ്പോൾ ജലത്തിൽ അലിഞ്ഞ് ചേർന്നിട്ടുള്ള ഖരമാലിന്യങ്ങൾ എല്ലാം കൂടിച്ചേർന്ന് കട്ടിയായിമാറുന്നു
 ഇതിനെ കേക്കാക്കി മാറ്റുന്ന സ്‌ക്രൂ പ്രസ് സാങ്കേതിക വിദ്യയും ഇതിന്റെ ഭാഗമാണ്. ഇപ്രകാരം ലഭിക്കുന്ന അവശിഷ്ടവും,സംസ്‌കരണ ശേഷമുളള ജലവും കാർഷികാവശ്യങ്ങൾക്ക് ഉപയോഗിക്കാം

ഹോട്ടലുകൾക്ക് വേണ്ടി സഞ്ചരിക്കുന്ന ശുദ്ധീകരണ സംവിധാനം ഒരുക്കാനും സ്ഥല സൗകര്യം ലഭ്യമായ ഇടങ്ങളിൽ തനത് ശുദ്ധീകരണ സംവിധാനം ഒരുക്കുന്നതിനും ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനുമായി ചേർന്ന് പ്രർത്തിക്കും

- ഡോ.ഹരീഷ് നമ്പ്യാർ