photo

ചേർത്തല: രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയിൽ ചേർത്തല ശ്രീനാരായണ മെമ്മോറിയൽ ഗവ.ബോയ്സ് ഹൈസ്കൂളും സമീപമുള്ള ജില്ല,ഉപ ജില്ല വിദ്യാഭ്യാസ ഓഫീസുകളും വെള്ളത്തിനടിയിലായി. സ്കൂളിൽ യു.പി വിഭാഗം മുമ്പ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഷീറ്റുകൾ കാറ്റിൽ നിലംപൊത്തി. വെള്ളക്കെട്ടിനെ തുടർന്ന് 250 ഓളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ തുച്ഛമായ കുട്ടികൾ മാത്രമാണ് ഇന്നലെ എത്തിയത്. മുട്ടൊപ്പം വെള്ളമുണ്ടായിരുന്ന ജില്ല വിദ്യാഭ്യാസ ഓഫീസിൽ വിവിധ ആവശ്യങ്ങൾക്കെത്തിയവർ വലഞ്ഞു. നഗരത്തിലെ അശാസ്ത്രീയമായ കാന നിർമ്മാണമാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് ആരോപണം. കാനകൾ യഥാസമയം വൃത്തിയാക്കാത്തതും നീരൊഴുക്ക് തടസപ്പെടുന്നതിന് കാരണമായിട്ടുണ്ട്..