
അമ്പലപ്പുഴ: നീർക്കുന്നം എസ്.ഡി.വി ഗവ.യു.പി സ്കൂളിലെ ഒന്നാം ക്ലാസിലെ വിദ്യാർത്ഥികൾ പാഠപുസ്തകത്തിലെ ആദ്യപാഠമായ 'പറവകൾ പാറി ' അരങ്ങിൽ അവതരിപ്പിച്ചത് ശ്രദ്ധേയമായി. ചിറകടിച്ച് പറന്നുവന്ന മഞ്ഞക്കിളികളായും നാട്ടുകിളികളായും കിളികൾക്ക് അഭയമായ
മരങ്ങളായും അവർ പകർന്നാടി. പറവകളുടെ ശബ്ദം അനുകരിച്ചും സംഭാഷണങ്ങൾ അവതരിപ്പിക്കുന്നതായിരുന്നു ആദ്യ ഘട്ടം. തുടർന്ന്, പാട്ടിനും ആശയത്തിനും അനുസൃതമായി താളത്തിൽ ചുവടുവച്ചും അഭിനയത്തിന്റെ വിവിധ സങ്കേതങ്ങൾ ഉപയോഗിച്ചും രംഗാവിഷ്കാരം നടത്തി. അതിനുചേർന്ന പക്ഷിത്തൊപ്പികളും ചിറകുകളും രക്ഷിതാക്കളുടെ സഹായത്തോടെ നിർമ്മിച്ചായിരുന്നു അവതരണം. പറവകൾ പാറി എന്ന യൂണിറ്റിലൂടെ ഈ ആശയം കുട്ടികളിലെത്തിക്കാനുള്ള പ്രവർത്തനമാണ് അവതരണ മികവുകൊണ്ട് വ്യത്യസ്തമായത്.