ആലപ്പുഴ: വാടക്കനാലിൽ ജലഗതാഗത വകുപ്പിന്റെ ആലപ്പുഴ ബോട്ട് ജെട്ടിയോട് ചേർന്ന ഭാഗങ്ങളിൽ സ്വകാര്യ ബോട്ടുകളും വള്ളങ്ങളും കെട്ടിയിടരുതെന്ന സർക്കാർ ഉത്തരവിന് പുല്ലുവില. അടിയന്തരമായി സ്വകാര്യബോട്ടുകൾ പ്രദേശത്ത് നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പോർട്ട് അധികൃതർ ആറ് മാസം മുമ്പ് നോട്ടീസ് നൽകിയിട്ടും പ്രശ്നത്തിന് പരിഹാരമായിട്ടില്ല.

ഡസൻ കണക്കിന് സ്വകാര്യബോട്ടുകൾ ജലഗതാഗത വകുപ്പിന്റെ ബോട്ട് ജെട്ടിക്ക് വടക്ക് വശത്തായി കനാലോരത്ത് കെട്ടിയിടുന്നത് മൂലം യാത്രാബോട്ടുകൾക്ക് സുഗമമായി തിരിയാൻ സാധിക്കുന്നില്ലെന്നതാണ് വെല്ലുവിളി. രാവിലെ 9 മുതൽ 11 മണിവരെയും, വൈകിട്ട് സ്കൂൾ വിടുന്ന സമയത്തുമാണ് ഏറ്റവും കൂടുതൽ തിരക്ക് ബോട്ട് ജെട്ടിയിൽ അനുഭവപ്പെടുന്നത്. ഒരേ സമയം മൂന്ന് ശിക്കാര വള്ളങ്ങളും ബോട്ടോർ ബോട്ടുകളും നിരയായി കെട്ടിയിടുന്ന സ്ഥിതിയുണ്ട്. ജില്ലാ കളക്ടർ, തുറമുഖ വിഭാഗം, പൊലീസ് തുടങ്ങി എല്ലാ വിഭാഗങ്ങളിലും ജലഗതാഗതവകുപ്പ് പരാതി നൽകിയിട്ടുണ്ട്.

ഉത്തരവിന് പുല്ലുവില

 ബോട്ട് ജെട്ടി മുതൽ മാതാ ജെട്ടി വരെയുള്ള ഭാഗത്താണ് സ്വകാര്യ ബോട്ടുകൾ കനാലിൽ കൂടുതലായി കെട്ടിയിടുന്നത്

 സ്വകാര്യബോട്ടുകൾ ഇവിടെ നിന്ന് മാറ്റണമെന്ന ഉത്തരവ് നൽകിയിട്ടും പാലിക്കാൻ തയ്യാറാകുന്നില്ല

 സ്വകാര്യ ബോട്ടുകൾ തടസമുണ്ടാക്കുന്നതിനാൽ ജലഗതാഗത വകുപ്പിന്റെ ബോ്ടുകളുടെ സർവീസിനെ ബാധിക്കാറുണ്ട്

 സർവീസ് നടത്താൻ ആവശ്യത്തിന് സ്ഥലമില്ലാതെ മരച്ചില്ലകളിലുംകനാലോരങ്ങളിലും തട്ടി ബോട്ടിന് കേടുപാടുണ്ടാകാറുണ്ട്

 ബോട്ടുകൾക്ക് കടേുപാടുണ്ടായാൽ ഡ്യൂട്ടിയിലുള്ള ജീവനക്കാരാണ് സമാധാനം പറയേണ്ടത്.

ഇതേപ്പറ്റി നിരവധി പരാതികൾ നൽകിയിട്ടുണ്ട്. സർവീസ് ബോട്ടുകൾ തിരിച്ചിടാൻ സാധിക്കാത്ത തരത്തിലാണ് ശിക്കാരവള്ളങ്ങളടക്കം ബോട്ട് ജെട്ടിയോട് ചേർത്ത് കൂട്ടമായി കെട്ടിയിട്ടിരിക്കുന്നത്

- സ്റ്റേഷൻ മാസ്റ്റർ, ആലപ്പുഴ ബോട്ട് ജെട്ടി