ambala

അമ്പലപ്പുഴ: ദേശീയപാതാ അധികൃതരുടെ അനാസ്ഥ മൂലം പുറക്കാട് പഞ്ചായത്തിലെ 15 ഓളം വീടുകൾ വെള്ളക്കെട്ടിൽ .പുറക്കാട് പഞ്ചായത്ത് പതിനഞ്ചാം വാർഡ് അയ്യൻ കോയിക്കൽ ക്ഷേത്രത്തിനു സമീപമാണ് പതിനഞ്ചോളംകുടുംബങ്ങൾ രണ്ടു മാസമായി വെള്ളക്കെട്ടിൽ കഴിയുന്നത്. പഴയ ദേശീയപാതയുടെയും, പുതിയ ദേശീയപാതയുടേയും ഇടയിൽ താമസിക്കുന്ന കുടുംബങ്ങളാണ് വെള്ളക്കെട്ടിൽ കഴിയുന്നത്.ഇവിടുത്തെ പ്രദേശവാസികൾ ബന്ധുവീട്ടിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്. പ്രദേശവാസികൾ കളക്ടറെയും എം.എൽ.എയും ദേശീയാ പാതാ അതോറിട്ടി ജീവനക്കാരേയും ബന്ധപ്പെട്ടെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. മാലിന്യം നിറഞ്ഞ മഴവെള്ളം ചുറ്റും കെട്ടിക്കിടുക്കുന്നതിനാൽ പകർച്ചവ്യാധി ഭീഷണിയുണ്ട്. ഇനിയും കൾവെട്ടർ സ്ഥാപിച്ച് വെള്ളം ഒഴുകി പോകാൻ സൗകര്യം ഒരുക്കിയില്ലെങ്കിൽ സർവീസ് റോഡ് നിർമ്മാണം തടയുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.സുദർശനൻ അറിയിച്ചു. പ്രദേശവാസികളും ദേശീയ പാതാ ഉപരോധം ഉൾപ്പടെയുള്ള സമരപരിപാടികൾക്കൊരുങ്ങുകയാണ്.

...........

# പൈപ്പ് അടച്ചു

ദേശീയപാതാ നിർമ്മാണത്തിന് മുമ്പ് ആറടി വ്യാസത്തിൽ പടിഞ്ഞാറു ഭാഗത്തു നിന്ന് കിഴക്കുഭാഗത്തേക്ക് വെള്ളം ഒഴുകി പോകാൻ പൈപ്പ് ഉണ്ടായിരുന്നു. ദേശീയപാതാ നിർമ്മാണം ആരംഭിച്ചപ്പോൾ ഇവിടെ കൾവെട്ടർ സ്ഥാപിച്ച് വെള്ളം ഒഴുക്കിവിടുമെന്ന് അധികൃതർ ഉറപ്പു നൽകിയിരുന്നു.എന്നാൽ കൾവെട്ടറുകൾ സ്ഥാപിച്ചുമില്ല, വർഷങ്ങളായി ഉണ്ടായിരുന്ന പൈപ്പ് അടക്കുകയും ചെയ്തു.ഇതോടെയാണ് ഈ ഭാഗത്തെ 15 ഓളം വീടുകൾ വെള്ളക്കെട്ടിലായത്.