
വള്ളികുന്നം: വള്ളികുന്നം വട്ടയ്ക്കാട് ദേവീക്ഷേത്രത്തിലെ ജീർണാവസ്ഥയിലുള്ള കളിത്തട്ടുകളിൽ ഒന്ന് തകർന്ന് വീണു. ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള കളിത്തട്ട് നിലംപതിച്ചത്.
ക്ഷേത്രത്തിലെ രണ്ട് കളിത്തട്ടുകളും ജീർണ്ണാവസ്ഥയിലാണെന്ന് ഭാരവാഹികൾ നിരവധി തവണ തിരുവിതാംകൂർ ദേവസ്വം ബോർഡിന് പരാതി നൽകിയിരുന്നതാണ്. ഇവ പുതുക്കിപ്പണിയുന്നതിന് വേണ്ടി എസ്റ്റിമേറ്റടക്കം തയ്യാറാക്കുകയും ചെയ്തു. കൊവിഡ് കാല പ്രതിസന്ധികൾ വന്നതോടെ പദ്ധതി ഉപേക്ഷിക്കപ്പെട്ടു.
അടുത്തകാലത്ത് വീണ്ടും കളിത്തട്ടും ചുറ്റമ്പല നിർമ്മാണവും ആവശ്യപ്പെട്ട് ദേവസ്വം ബോർഡിന് അപേക്ഷ സമർപ്പിച്ചിരുന്നു. ഇതനുസരിച്ച് ദേവസ്വം ബോർഡ് പ്രതിനിധിയടക്കമുള്ള സംഘം സ്ഥലപരിശോധന നടത്തി. ചുറ്റമ്പല നിർമ്മാണത്തിനുള്ള നടപടികളിൽ പുരോഗതിയുണ്ടെങ്കിലും കളിത്തട്ട് പുതുക്കി പണിയുന്നതിൽ യാതൊരു നടപടിയും ദേവസ്വം ബോർഡ് വീകരിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു. ധാരാളം കൊത്തുപണികളോട് കൂടിയ ശേഷിക്കുന്ന കളിത്തട്ടും അതീവ ജീർണ്ണാവസ്ഥയിലാണ്.
നൂറ്റാണ്ടുകൾ പഴക്കമുള്ള കളിത്തട്ട് പൈതൃകത്തിനൊപ്പം നാടിന്റെ അടയാളം കൂടിയായിരുന്നു. ശേഷിക്കുന്ന കളിത്തട്ടെങ്കിലും സംരക്ഷിക്കുന്നതിന് ദേവസ്വം ബോർഡിന്റെ ഇടപെടലുണ്ടാവണം
-ഗോപാലകൃഷ്ണൻ, പ്രദേശവാസി