
തുറവൂർ: ദേശീയപാതയിൽ തുറവൂർ താലൂക്ക് ആശുപത്രി പ്രവേശന കവാടത്തിന് ഇരുഭാഗത്തുമായി അലക്ഷ്യമായി കുട്ടിയിട്ടിരിക്കുന്ന കോൺക്രീറ്റ് അവശിഷ്ടങ്ങളും തടി കഷ്‌ണങ്ങളും കാൽ നടയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്നു. തുറവൂർ- അരൂർ എലിവേറ്റഡ് ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി ഒറ്റ തൂണുകൾക്ക് മുകളിൽ കോൺക്രീറ്റ് ഗർഡർ സ്ഥാപിക്കുന്നതായി ദേശീയപാതയുടെ ഇരുവശങ്ങളിലും മാസങ്ങൾക്ക് മുമ്പ് റെയിൽ സ്ഥാപിക്കുകയും ആശുപത്രിയിലേക്ക് വാഹനങ്ങൾ കയറിയിറങ്ങുന്നതിന് റെയിലിന് ഇരുഭാഗത്തും കോൺക്രീറ്റ് നടത്തുകയും ചെയ്തിരുന്നു. പിന്നീട് ഈ ഭാഗത്ത് ഗർഡർ സ്ഥാപിക്കൽ പൂർത്തീകരിച്ച ശേഷം റെയിൽ എടുത്തുമാറ്റിയപ്പോൾ ഇതിനൊപ്പമുണ്ടായിരുന്ന പൊളിച്ചു മാറ്റിയ കോൺക്രീറ്റ് പാളികളും തടിയും ആശുപത്രിയുടെ പ്രവേശന കവാടത്തിലെ നടപ്പാതയ്ക്കരികിൽ തന്നെ നിക്ഷേപിച്ചിട്ട് ആഴ്ചകൾ പിന്നിട്ടു.
ആംബുലൻസുകളും പെടും
1.ദിനംപ്രതി ആയിരത്തിലധികം രോഗികൾ ചികിത്സ തേടിയെത്തുന്ന തുറവൂർ താലൂക്കാശുപത്രിയുടെ മുന്നിലെ കോൺക്രീറ്റ് അവശിഷ്ടങ്ങൾ കാൽനടയാത്രക്കാർക്ക് മാർഗതടസം സൃഷ്ടിക്കുന്നു
2.എലിവേറ്റഡ് ഹൈവേ നിർമ്മാണം മൂലം റോഡ് ഇരുമ്പ് ബാരിക്കേഡ് സ്ഥാപിച്ച് മറച്ചിരിക്കുന്നതിനാൽ തുറവൂർ വെസ്റ്റ് ഗവ. സ്കൂളിലെ കുട്ടികളും അദ്ധ്യാപകരും ഉൾപ്പെടെ ഇതുവഴിയാണ് സഞ്ചരിക്കുന്നത്
3.കോൺക്രീറ്റ് അവശിഷ്ടങ്ങളും തടി കഷ്‌ണങ്ങളും റോഡിൽ നിന്ന് നീക്കാത്തതിനാൽ ആശുപത്രിയിലെ ആംബുലൻസുകൾക്ക് സുഗമമായി സഞ്ചരിക്കാൻ പ്രയാസം നേരിടുന്നുണ്ട്.