s

ആലപ്പുഴ : നഗരത്തിൽ ആറാട്ടുവഴിയിൽ ഒൻപതാം ക്ളാസുകാരൻ അൽ ഫയാസ് മതിൽ ഇടിഞ്ഞ് വീണ് മരിച്ചതിന്റെ പശ്ചാത്തലത്തിൽ, അപകടകരമായി നിൽക്കുന്ന മരങ്ങളും നിർമ്മിതികളും നീക്കം ചെയ്യാൻ നടപടി ശക്തമാക്കാൻ തീരുമാനം. ആലപ്പുഴ മണ്ഡലത്തിലെ മരങ്ങളും നിർമ്മിതികളും നീക്കം ചെയ്യുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ ചേർന്ന അടിയന്തരയോഗത്തിൽ പി.പി.ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നിരവധി തവണ പരാതി നൽകിയിട്ടും പൊളിച്ചു മാറ്റിക്കാൻ നടപടി സ്വീകരിക്കാതിരുന്ന മതിൽ ഇടിഞ്ഞു വീണായിരുന്നു അൽഫയാസിന്റെ ദാരുണാന്ത്യം.

അപകടകരമായി നിൽക്കുന്ന മരങ്ങൾ നീക്കണമെന്ന് കാട്ടി നിരവധി പരാതികൾ ഫോറസ്റ്റ്, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പ്, പൊതുമരാമത്ത് വകുപ്പ് എന്നിവയ്ക്ക് ലഭിക്കുന്നുണ്ടെങ്കിലും സമയബന്ധിതമായി പരിഹരിക്കാൻ കഴിയുന്നില്ലെന്ന് എം.എൽ.എ പറഞ്ഞു.

കളക്ടർ അലക്‌സ് വർഗീസ്, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എൻജിനീയർ പി.സാജൻ, ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ എം.സി.സജീവ് കുമാർ, ജില്ലാ ഫയർ ഓഫീസർ എൻ.രാമകുമാർ, ജില്ലാ ഫോറസ്റ്റ് ഓഫീസർ ഫെൻ ആന്റണി, അമ്പലപ്പുഴ തഹസിൽദാർ ജി.സന്തോഷ്, നഗരസഭ സെക്രട്ടറി മുംതാസ്, കെ.എസ്.ഇ.ബി. എക്‌സിക്യൂട്ടീവ് എൻജിനീയർ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

വൈദ്യുതി പോസ്റ്റുകളും ഭീഷണി

1.ശവക്കോട്ടപ്പാലം മുതൽ ബാപ്പുവൈദ്യർ ജംഗ്ഷൻ വരെ അപകടകരമായി നിൽക്കുന്ന മരങ്ങൾ നഗരസഭ നീക്കം ചെയ്യും 2.അപകടകരമായി നിൽക്കുന്ന ഇലക്ട്രിക്ക് പോസ്റ്റുകൾ കെ.എസ്.ഇ.ബി നീക്കും

3.പോസ്റ്റുകളിലുള്ള ഉപയോഗശൂന്യമായ കേബിളുകളും നീക്കാൻ തീരുമാനം

4.വെള്ളക്കെട്ടുകൾ നീക്കും. വീണു കിടക്കുന്ന മരങ്ങൾ എത്രയും വേഗം വെട്ടിമാറ്റും

മരിച്ചവരുടെ കുടുംബങ്ങൾക്ക്

നഷ്ടപരിഹാരം നാലു ലക്ഷം
ആറാട്ടുവഴിയിൽ മതിലിടിഞ്ഞ് വീണ് മരിച്ച അൽഫയാസ്, പാതിരപ്പള്ളിയിൽ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ട പി.പ്രതീഷ് എന്നിവരുടെ കുടുംബങ്ങൾക്ക് എസ്.ഡി.ആർ.എഫിൽ നിന്ന് നാലു ലക്ഷം രൂപ വീതവും മുഖ്യമന്ത്രിയുടെ പ്രത്യേക ധനസഹായവും ലഭ്യമാക്കുമെന്ന് പി.പി.ചിത്തരഞ്ജൻ എം.എൽ.എ പറഞ്ഞു.

അപകടം ഉണ്ടാകാൻ കാത്തു നിൽക്കാതെ പരാതികൾ അടിയന്തരമായി പരിഹരിക്കണം. വകുപ്പുകൾ തമ്മിൽ പരസ്പര ധാരണയോടെ പ്രവർത്തിച്ച് പ്രശ്‌നപരിഹാരം കാണണം

- പി.പി.ചിത്തരഞ്ജൻ എം.എൽ.എ