ആലപ്പുഴ : ആറാട്ടുവഴിയിൽ അയൽവാസിയുടെ മതിലിടിഞ്ഞ് വീണ് മരിച്ച, അന്തേക്ക്പറമ്പിൽ വീട്ടിൽ അലി അക്ബറിന്റെ മകനും ലജ്‌നത്തുൽ മുഹമ്മദിയ സ്‌കൂൾ വിദ്യാർഥിയുമായ അൽഫയാസിന് (14) നാട് യാത്രാമൊഴി നൽകി. ബുധനാഴ്ച്ച കൂട്ടുകാർക്ക് കൈകൊടുത്തു പിരിഞ്ഞ സ്കൂൾ മുറ്റത്തേക്ക് ഇന്നലെ അൽഫയാസ് ചേതനയറ്റ് എത്തിയപ്പോൾ അദ്ധ്യാപകരും സഹപാഠികളും പൊട്ടിക്കരഞ്ഞു.
സ്കൂൾ സ്റ്റുഡന്റ് പൊലീസ് കേഡറ്റംഗമായിരുന്ന അൽഫയാസ് ബുധനാഴ്ച നടന്ന ലഹരി വിരുദ്ധാചരണ സൈക്കിൾ റാലിയിലടക്കം പങ്കെടുത്തിരുന്നു. തലേദിവസം ഒപ്പമുണ്ടായിരുന്ന കേഡറ്റംഗങ്ങൾ ഇന്നലെ കണ്ണീരോടെ അന്തിമോപചാരം അർപ്പിച്ചു. ക്ലാസ് ടീച്ചർ എസ്.സനൂജ അടക്കമുള്ള അദ്ധ്യാപകരെയും സഹപാഠികളെയും ആശ്വസിപ്പിക്കാൻ കൂടിനിന്നവർ പാടുപെട്ടു.
പഠനത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും മുന്നിലായിരുന്നു അൽഫയാസെന്ന് സ്‌കൂൾ പ്രഥമാദ്ധ്യാപിക ഇ.സീന പറഞ്ഞു. മാതാവ് ഹസീന ഏറെ നാളായി കാൻസർ ബാധിച്ചു ചികിത്സയിലാണ്. പിതാവ് അലി അക്ബറിന് പ്ലൈവുഡ് കമ്പനിയിലെ ജോലിയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൽ നിന്നാണ് മാതാവിന്റെ ചികിത്സയടക്കം നടത്തിയിരുന്നത്. രോഗം അലട്ടുമ്പോഴും ഏകമകനിലായിരുന്നു കുടുംബത്തിന്റെ പ്രതീക്ഷ. മകന്റെ വിയോഗമറിഞ്ഞ് കുഴഞ്ഞുവീണ ഹസീനയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇവരെ വീട്ടിലെത്തിച്ചാണ് അൽഫയാസിന്റെ മൃതദേഹം കാണിച്ചത്. അൽഫയാസ് ട്യൂഷൻ കഴിഞ്ഞു വീട്ടിലേക്കു വരുമ്പോഴായിരുന്നു ബുധനാഴ്ച വൈകിട്ട് 7.30ഓടെ അഞ്ചരയടി ഉയരമുള്ള കോൺക്രീറ്റ് മതിൽ മറിഞ്ഞ് അപകടമുണ്ടായത്. ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനിയില്ല. സ്‌കൂൾ ഓഡിറ്റോറിയത്തിൽ പ്രാർത്ഥനയ്ക്ക് സ്‌കൂൾ മാനേജർ എ.എം.നസീർ നേതൃത്വം നൽകി. പി.പി.ചിത്തരഞ്ജൻ എം.എൽ.എ., ജില്ലാ കളക്ടർ അലക്‌സ് വർഗീസ്, നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ തുടങ്ങി നിരവധിപ്പേർ അന്ത്യാഞ്ജലി അർപ്പിച്ചു. വീടിന് സമീപം ആറാട്ടുവഴി സെന്റ് ജോസഫ്‌സ് പള്ളിയുടെ പാരിഷ് ഹാളിലും പൊതുദർശനമുണ്ടായിരുന്നു.