
കായംകുളം: കെ.എസ്.ആർ.ടി.സി കായംകുളം ഡിപ്പോയുടെ ഓഫീസ് പ്രവർത്തനങ്ങൾ ഇനി മുതൽ സമീപത്തെ മിനി സിവിൽ സ്റ്റേഷനിലേക്ക് മാറും. പഴക്കമേറിയ ഡിപ്പോകെട്ടിടത്തിന്റെ പുനർനിർമാണത്തിന്റെ ഭാഗമായിട്ടാണ് ഓഫീസ് പ്രവർത്തനങ്ങൾക്ക് മിനിസിവിൽ സ്റ്റേഷനിൽ ജില്ലാകളക്ടർ സ്ഥലം അനുവദിച്ചത്. രണ്ടുവർഷത്തേയ്‌ക്കാണിത്. നിലവിലെ ഡിപ്പോ കെട്ടിടം പൊളിച്ചുമാറ്റാനുള്ള നടപടികൾ അതിവേഗം നടന്നുവരികയാണ്. ഏതുനിമിഷവും യാത്രക്കാർക്ക് മേൽ തകർന്ന് വീഴാവുന്ന കെട്ടിടം, മഴക്കാലമായതോടെ കൂടുതൽ അപകടാവസ്ഥയിലായതിനെ തുടർന്നാണ് അടിയന്തരമായി പൊളിച്ചുനീക്കാൻ തീരുമാനിച്ചത്. എന്നിരുന്നാലും, സർക്കാരിന്റെ സാമ്പത്തിക പരാധീനത കാരണം പകരം കെട്ടിടമെന്നത് അനിശ്ചിതത്വത്തിലാണ്.
പുതിയ കെട്ടിടത്തിന് ബഡ്ജറ്റിൽ 10 കോടി
1.കായംകുളം ഡിപ്പോ കെട്ടിടം പൊളിച്ചുമാറ്റാൻ കെ. എസ്.ആർ.ടി.സി അധികൃതരുടെ അനുമതി
കഴിഞ്ഞ ആഴ്ചയാണ് ലഭിച്ചത്
2.സംസ്ഥാന ബഡ്ജറ്റിൽ പുതിയ ബസ് ടെർമിനലിനായി 10 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. എൻജിനിയറിംഗ് വിഭാഗമാണ് കെട്ടിടം പൊളിച്ചുമാറ്റുന്നത്
3.അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ബഹുനില കെട്ടിടം, കോൺക്രീറ്റ് മുഴുവൻ ഇളകി കമ്പികൾ തുരുമ്പെടുത്ത് പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്
4. ബസ് കാത്തുനിന്ന നിരവധി യാത്രക്കാർക്കാണ് കോൺക്രീറ്റ് പാളികൾ അടർന്ന് തലയിൽ വീണ് പരിക്കേറ്റിട്ടുള്ളത്. ലോട്ടറി വിൽപ്പനക്കാരന് ഇത്തരത്തിൽ ഗരുതരമായി പരിക്കേറ്റത് അടുത്തിടെയാണ്.
എത്രയും വേഗം കെട്ടിടം പൊളിച്ചു മാറ്റുന്നതിനുള്ള നടപടികൾ നടന്നു വരികയാണ്. ഓഫീസ് പ്രവർത്തനത്തിന് സുരക്ഷിതമായ സ്ഥലം അനുവദിച്ചു കിട്ടിയതോടെ വരും ദിവസങ്ങളിൽ തന്നെ ഡിപ്പോ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും
-കെ.എസ്.ആർ.ടി.സി