കുട്ടനാട്ടിൽ ഇന്നലെ ജലനിരപ്പ് ഉയർന്നത് ഒന്നര അടി

ആലപ്പുഴ : ജില്ലയിലും മലയോരമേഖലയിലും നാലുദിവസമായി അതിതീവ്രമഴ തുടരുന്നതും കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തിപ്പെട്ടതും കാരണം കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിൽ ജലനിരപ്പ് ഉയർന്നതോടെ ആശങ്കയിൽ ജനം. ഡാമുകളുടെ ഷട്ടറുകൾ കൂടി തുറക്കുന്നതോടെ വെള്ളപ്പൊക്കം കൂടുതൽ രൂക്ഷമാകും.

താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായതോടെ നിരവധി കുടുംബങ്ങൾ ദുരിതത്തിലാണ്. നിരണം, തലവടി, എടത്വാ, കിടങ്ങറ, നെടുമുടി, പള്ളാത്തുരുത്തി, കൈനകരി, ചെറുതന, വീയപുരം, പള്ളിപ്പാട്, കരുവാറ്റയുടെ വടക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ജലനിരപ്പ് ഉയർന്നു. നിരവധി മരങ്ങൾ കടപുഴുകിവീണു. പ്രധാന പാതകളിൽ ഗതാഗതം തടസപ്പെട്ടു.

പമ്പ, അച്ചൻകോവിൽ, മണിമല ആറുകളിൽ ജലനിരപ്പ് ഉയർന്നതോടെ തലവടി, മുട്ടാർ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ ഇന്നലെ ഉച്ചയോടെ വെള്ളം കയറി തുടങ്ങി. ഒട്ടുമിക്ക ഗ്രാമീണ റോഡുകളും വീടുകളുടെ പരിസരങ്ങളും വെള്ളത്തിൽ മുങ്ങി. നദികളിൽ ജലനിരപ്പ് ഉയരുന്നതിനാൽ വാഹനങ്ങളും വീട്ടുപകരണങ്ങളും സംരക്ഷിക്കാനുള്ള തത്രപ്പാടിലാണ് പ്രദേശവാസികൾ. കുട്ടനാട് താലൂക്കിലെ മുഴുവൻ പഞ്ചായത്ത് പ്രദേശങ്ങളിലും വെള്ളം കയറി. പലയിടത്തും ഗതാഗതം തടസപ്പെടും വിധം ഗ്രാമീണറോഡുകൾ മുങ്ങി. ആലപ്പുഴ -ചങ്ങനാശേരി റോഡിന്റെ പല ഭാഗങ്ങളിലും വെള്ളം കയറി. ഇതോടെ നവീകരണ പ്രവർത്തനങ്ങൾക്ക് വേഗത കുറഞ്ഞു.

തോട്ടപ്പള്ളി പൊഴിമുഖത്തിലൂടെയും തണ്ണീർമുക്കം ബണ്ട് വഴിയും പ്രളയ ജലം കടലിലേക്ക് ഒഴുകുന്നത് ആശ്വാസം നൽകുന്നുണ്ട്. എന്നാൽ കുട്ടനാട്ടിലെ പ്രധാന തോടുകളുടെയും ലീഡിംഗ് ചാനലിന്റെയും ആഴക്കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. നിരവധി മരങ്ങൾ കടപുഴുകിവീണു. പ്രധാന പാതകളിൽ ഗതാഗതം തടസപ്പെട്ടു. കടൽ പ്രഷുബ്ദധമായി. ആലപ്പുഴ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായി.

കടൽക്ഷോഭവും ശക്തം

അമ്പലപ്പുഴ വടക്ക്, പുന്നപ്ര, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ കടൽക്ഷോഭം ശക്തമായി. പുന്നപ്ര ചള്ളി തീരം മുതൽ പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് നർബോന തീരം വരെ കടൽ ഇന്നലെ ഇരച്ചു കയറി. ഇവിടെ വാവക്കാട്ട് പൊഴിയുടെ അരികിൽ നിന്ന നിരവധി കാറ്റാടി മരങ്ങൾ നിലംപൊത്തി. നർബോണ തീരത്തുള്ള കുരിശടി ഏതു സമയത്തും കടലെടുക്കാവുന്ന അവസ്ഥയിലാണ്. പറവൂർ ഗലീലിയ, വാടക്കൽ അറപ്പപ്പൊഴി തുടങ്ങിയ ഭാഗത്തും കടൽശക്തമാണ്. പുന്നപ്ര ഫിഷ് ലാൻഡിനു സമീപവും കടലേറ്റം ശക്തമാണ്.

17 വീടുകൾ തകർന്നു

മഴയിലും കാറ്റിലും ഇന്നലെ ജില്ലയിൽ 17 വീടുകൾ ഭാഗികമായി തകർന്നു. 18 കുടുംബങ്ങളിലെ 52പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ചേർത്തലയിൽ നാലും ചെങ്ങന്നൂരിൽ മൂന്നും വീതം ക്യാമ്പുകളാണ് തുറന്നത്.

തകർന്ന വീടുകൾ (താലൂക്ക് അടിസ്ഥാനത്തിൽ)

അമ്പലപ്പുഴ : 8

മാവേലിക്കര : 5

കാർത്തികപ്പള്ളി : 4

മഴ അളവ് (മി. മീറ്ററിൽ)

ജില്ലയിൽ ശരാശരി : 40.68

ചേർത്തല :42.2

കാർത്തികപ്പള്ളി : 29

മങ്കൊമ്പ് : 42.7

മാവേലിക്കര : 25.4

കായംകുളം : 64.1