ഹരിപ്പാട്: ഡോക്ടർ ആവശ്യപ്പെട്ട കൈക്കൂലി നൽകാത്തതിനെ തുടർന്ന് താലൂക്ക് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് എഴുതി നൽകിയ രോഗിയുടെ സ്ഥിതി മനസിലാക്കാൻ ഡോക്ടർ പരിശോധനയ്ക്ക് എത്തി. തൃക്കുന്നപ്പുഴ വലിയപറമ്പ് ബീനാഭവനത്തിൽ അനിമോന്റെ തുടർചികിത്സയ്ക്ക് വഴിയില്ലാതെ കുടുംബം വലയുന്ന വാർത്ത കേരളകൗമുദി റിപ്പോർട്ട്‌ ചെയ്തിരുന്നു. ചികിത്സ നഷേധിച്ചത് സംബന്ധിച്ചും കൈക്കൂലി ആവശ്യപ്പെട്ടതും ഉൾപ്പടെ രോഗിയുടെ ഭാര്യ നൽകിയ പരാതിയിൽ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ദിവസങ്ങൾക്ക് ശേഷമാണ് ഡി.എം.ഒ ഓഫീസിൽനിന്നുള്ള നിർദ്ദേശത്തെ തുടർന്ന് ഡോക്ടർ എത്തി രോഗിയെ കണ്ടത്. വലിയകുളങ്ങര പി.എച്ച്.സിയിൽ എത്തിയാണ് പരിശോധിച്ചത്. ചേർത്തല താലൂക്ക് ആശുപത്രിയിലെ സർജൻ കാലിൽ പഴുപ്പ് കേറിയിട്ടുണ്ടെന്നും എത്രയും വേഗം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യണമെന്നും നിർദ്ദേശം നൽകി. ഡോക്ടറുടെ നിർദ്ദേശ പ്രകാരം ഇന്ന് മാവേലിക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സതേടും. അനിമോനെ കാലിൽ അണുബാധയെത്തുടർന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ 17ന് പ്രവേശിപ്പിച്ചിരുന്നു. ശസ്ത്രക്രിയയെ തുടർന്ന് പരിശോധിക്കാനായി ആശുപത്രി സൂപ്രണ്ട് ഡോ.സുനിലിന് 2000 രൂപ നൽകിയെന്നും, എന്നാൽ 5000 ആവശ്യപ്പെട്ടുവെന്നുമാണ് ബീനയുടെ പരാതി.