
മുഹമ്മ: കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ജനകീയ ഭക്ഷണശാല വഴിയാത്രക്കാർക്ക് അന്നം വിളമ്പാൻ തുടങ്ങിയിട്ട് ആറ് വർഷം. കൃത്യം ഉച്ചയ്ക്ക് 12ന് തന്നെ ഇവിടെ ഊണ് റെഡിയാകും.
സാമ്പാർ, മോര്, മീൻ ചാറ്, തോരൻ, അച്ചാർ എന്നിവ കൂട്ടിയുള്ള ഊണിന് 30രൂപയാണ്. മീൻ വറുത്തത്, മീൻ കറി, ചിക്കൻ കറി, കക്കായിറച്ചി എന്നിവയാണ് സ്പെഷ്യൽ. പാഴ്സലിന്
അഞ്ചു രൂപ അധികമായി നൽകണം. ഇരുപതുരുപയായിരുന്ന ഊണിന്, സർക്കാർ സബ്സിഡി കിട്ടാതായതോടെയാണ് മുപ്പതായത്. 500ഓളം ഊണ് പോയിരുന്ന സ്ഥാനത്ത് ഇപ്പോൾ 200 എണ്ണം പോകുന്നുണ്ട്. യാത്രക്കാർക്ക് മാത്രമല്ല, തൊഴിലാളികൾക്കും വീട്ടിൽ ഭക്ഷണമുണ്ടാക്കാൻ അസൗകര്യമുള്ളവർക്കും പാവപ്പെട്ടവർക്കുമെല്ലാം സി.ഡി.എസ് മുഹമ്മയുടെ വഴിയിടം ആശ്രയമാകുന്നുണ്ട്.
2018 ലെ മഹാപ്രളയം, കൊവിഡ് തുടങ്ങിയ കഷ്ടകാലങ്ങളിൽ ഇവരുടെ സൗജന്യ സ്നേഹ പ്പൊതികൾ നൂറുകണക്കിന് ആളുകളുടെ വിശപ്പ് അകറ്റിയതാണ്.കൊവിഡ് കാലത്ത് പഞ്ചായത്തിന് സമീപം തട്ടുകടയിൽ 20 രൂപയ്ക്ക് തുടങ്ങിയ ഭക്ഷണശാലയാണ് പഞ്ചായത്ത് നിർമ്മിച്ചു നൽകിയ മനോഹരമായ കെട്ടിടത്തിൽ ഇപ്പോൾ പ്രവർത്തിക്കുന്നത്. വൈദ്യുതി ചാർജ്ജും വെള്ളക്കരം ഉൾപ്പെടെ നൽകി സഹായിക്കുന്നതും പഞ്ചായത്താണ്.
കൊവിഡ് കാലത്ത് സൗജന്യ സ്നേഹപ്പൊതി
ആദിത്യ കുടുംബശ്രീയിലെ സംരംഭകത്വ ഗ്രൂപ്പായ എസ്.എൻ.വി കാറ്ററിംഗിലെ ആശാമോൾ,സീനാ രാജേഷ്, പ്രസന്നകുമാരി,വിജയകുമാരി,ശാന്തി എന്നിവരാണ് ജനകീയ ഭക്ഷണശാലയുടെ നടത്തിപ്പുകാർ. മുഹമ്മ സർവീസ് സഹകരണ ബാങ്കിൽ നിന്ന് 2 ലക്ഷം രൂപ ലോൺ എടുത്താണ് കാറ്ററിംഗ് സർവീസ് തുടങ്ങിയത്. അതിൽ 50,000 രൂപ സബ്സിഡിയായി ഗ്രൂപ്പിന് ലഭിച്ചിരുന്നു. കാറ്ററിംഗ് സർവീസ് കൂടിയുള്ളതുകൊണ്ടുമാത്രമാണ് ഇത് നടത്തിക്കൊണ്ടുപോകാൻ കഴിയുന്നത്. അല്ലെങ്കിൽ വൻ നഷ്ടം സഹിക്കേണ്ടി വന്നേനെ എന്ന് ഗ്രൂപ്പ് അംഗങ്ങൾ പറയുന്നു. പഞ്ചായത്ത് അങ്കണത്തിൽ ഫ്രഷ് ജ്യൂസ് ആൻഡ് കോഫി ബാർ കൂടി തുടങ്ങണമെന്ന ആവശ്യവും ശക്തമാണ്. ഇതുവഴി കുടുബശ്രീ ഉല്പന്നങ്ങൾ വിറ്റഴിക്കാനും കഴിയും.
പുത്തനങ്ങാടിയിൽ ജനകീയ ഭക്ഷണശാല തുടങ്ങുന്നതിനുള്ള നടപടികൾ പുരോഗമിച്ചു വരികയാണ്
-സ്വപ്ന ഷാബു, പഞ്ചായത്ത് പ്രസിഡന്റ് , മുഹമ്മ