photo

ചേർത്തല : ഒഴിയാതെ മഴതുടരുന്നതിനാൽ താലൂക്കിലെ വെള്ളക്കെട്ടു രൂക്ഷമായി തുടരുന്നു.നിലവിൽ താലൂക്കിലാകെ 2670 ഓളം വീടുകൾ ഗുരുതരമായ വെള്ളക്കെട്ടിലാണ്.വെള്ളക്കെട്ടിനെ തുടർന്ന് ചേർത്തലതെക്ക് ആറാം വാർഡിൽ ദുരിതാശ്വാസ ക്യാമ്പുതുടങ്ങി.അംബേദ്ക്കർ സാംസ്‌കാരിക നിലയത്തിൽ തുടങ്ങിയ ക്യാമ്പിൽ ആറു കുടുംബങ്ങളിൽ നിന്നുള്ള 10 പേരെയാണ് പാർപ്പിച്ചിരിക്കുന്നത്.ചേർത്തല തെക്ക് പഞ്ചായത്തിന്റെ തീരപ്രദേശങ്ങളിൽ കനത്ത മഴക്കൊപ്പം കടലേറ്റവും ശക്തമായതോടെ ജനജീവിതം ദുസഹമായി.ഇവിടെ നൂറുകണക്കിനു വീടുകളാണ് വെള്ളക്കെട്ടിലായിരിക്കുന്നത്.കിഴക്കൻ വെള്ളം ഒഴുകിയെത്തിയതോടെ വേമ്പനാട്ടുകായലിലെയും കൈവഴികളിലെയും ജലനിരപ്പും ഉയർന്നു.ഇതിനാൽ കായലോരങ്ങളിലെ വീടുകളിലും വെള്ളക്കെട്ടുണ്ട്.കടക്കരപ്പള്ളി,പട്ടണക്കാട്,വയലാർ,തണ്ണീർമുക്കം പഞ്ചായത്തുകളിലും ചേർത്തല നഗരസഭയിലും പലയിടങ്ങളിലും പുറത്തിറങ്ങാനാകാത്ത തരത്തിൽ വെള്ളക്കെട്ടായിട്ടുണ്ട്.തോരാതെ പെയ്യുന്ന മഴക്കിടയിൽ വീശിയടിക്കുന്ന കാറ്റും തുടർച്ചയായുണ്ടാകുന്ന വൈദ്യുതി മുടക്കവും വലിയ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്.