ചാരുമൂട് :കൊല്ലം-തേനി ദേശീയപാത വീതി കൂട്ടി വികസിപ്പിക്കുന്നതിനുള്ള ഡി.പി.ആറിൽ,ദേശീയപാതയുടെ മാവേലിക്കര മണ്ഡലത്തിൽ ഉൾപ്പെടുന്ന ആനയടി വഞ്ചിമുക്ക് മുതൽ കൊല്ലകടവ് പാലം വരെയുള്ള ഭാഗവും ഉൾപ്പെടുത്തിയതായി പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. എം.എസ്. അരുൺകുമാർ എം.എൽ.എ യുടെ ദേശീയപാത വികസനത്തിന് സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദീകരിക്കാമോ എന്ന ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി പദ്ധതി വിശദീകരിച്ചത്. കൂടാതെ ബസ് ബേകളും പ്രധാന ജംഗ്ഷനുകളുടെ വികസനവും കൊല്ലകടവ് പാലത്തിന് സമാന്തരമായി പുതിയ പാലവും ഡി.പി.ആറിൽ ഉൾപ്പെടുത്തി. കൊല്ലം ഹൈസ്കൂൾ ജംഗ്ഷൻ മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെയുള്ള ഭാഗത്ത് 12 മീറ്റർ ടാറിംഗും ബിൽറ്റ് അപ്പ് ഏരിയയിൽ ഇരുവശത്തും ഓടയും ഫുട്പാത്തും നിർമ്മിക്കാനുള്ള നിർദ്ദേശവും ഉൾപ്പെട്ട അലൈൻമെന്റ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. അംഗീകരിച്ച അലൈൻമെന്റ് പ്രകാരം സ്ഥലം ഏറ്റെടുപ്പിനായി നോട്ടിഫിക്കേഷൻ ചെയ്തിട്ടുണ്ട്.