
മാവേലിക്കര: തഴക്കര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം - മുട്ടത്തയ്യത്ത് റോഡ് തകർന്നിട്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും പുനരുദ്ധാരണത്തിന് യാതൊരു നടപടിയുമെടുക്കാതെ അധികൃതർ. ഓരോ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴും മോഹന വാഗ്ദാനം നൽകി മടങ്ങുന്നതല്ലാതെ തുടർനടപടിയുമുണ്ടാകുന്നില്ല.
തഴക്കര ഓവർബ്രിഡ്ജ് ജംഗ്ഷൻ - മുട്ടത്തയ്യത്ത് - സുബ്രഹ്മണ്യ ക്ഷേത്രം - എസ്.വി.എൽ.പി സ്കൂൾ റോഡിന്റെ കവാടത്തിലെ 20മീറ്റർ മാത്രം ദൈർഘ്യമുള്ള റോഡ് തകർന്ന് കാൽനടപോലും ബുദ്ധിമുട്ടായ നിലയിലാണ് ഇപ്പോൾ.
റോഡിന്റെ ശോച്യാവസ്ഥയിൽ ഏറെ ദുരിതമനുഭവിക്കുന്നത് സമീപത്തുള്ള എൽ.പി സ്കൂളിലെ വിദ്യാർത്ഥികളാണ്. റോഡിലെ കുഴിയിലെ മലിനജലം താണ്ടി വേണം ഇവിടേക്ക് എത്താൻ. ചൊവ്വാഴ്ച ദിവസം തഴക്കര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ വിശേഷാൽപൂജക്കായി ജില്ലയുടെ വിവിധഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് ഭക്തജനങ്ങൾ എത്തുന്നതും ഈ റോഡിലൂടെയാണ്. റോഡിന്റെ അവസ്ഥകാരണം ഭക്തർ മറ്റുവഴികളിലൂടെ ചുറ്റിക്കറങ്ങിയാണ് ക്ഷേത്രത്തിൽ എത്തുന്നത്.
കൈയൊഴിഞ്ഞ് റെയിൽവേയും പഞ്ചായത്തും
റെയിൽവേയുടെ അധീനതയിലുള്ള പ്രദേശത്താണ് റോഡെന്നാണ് പഞ്ചായത്തിന്റെ മറുപടി
റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് പഞ്ചായത്തിന് യാതൊരു തടസവുല്ലെന്നാണ് റെയിൽവേയുടെ വാദം
ശരിക്കും ആരാണ് റോഡ് നന്നാക്കേണ്ടതെന്നറിയാതെ നട്ടം തിരിയുകയാണ് നാട്ടുകാർ
നാട്ടുകാർ പഞ്ചായത്തിനും ബന്ധപ്പെട്ട വകുപ്പുകൾക്കും പലതവണ പരാതി നൽകിയിട്ടും പരിഹാരമുണ്ടായില്ല
250 ഓളം കുടുംബങ്ങൾ ദുരിതത്തിൽ
റോഡിന്റെ ശോച്യാവസ്ഥ നേരിട്ട് അറിഞ്ഞിട്ടും പഞ്ചായത്തുൾപ്പെടെ മുഖംതിരിക്കുകയാണ്. എത്രയും പെട്ടെന്ന് റോഡ് സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ ജനകീയ പ്രക്ഷോഭം ആരംഭിക്കാനാണ് നാട്ടുകാരുടെ തീരുമാനം
- കൃഷ്ണകുമാർ, കുന്നം