ആലപ്പുഴ: ഭൂമിതരം മാറ്റലുമായി ബന്ധപ്പെട്ട് ആലപ്പുഴ ആർ.ഡി ഓഫീസിൽ കെട്ടികിടക്കുന്നത് 19,342 അപേക്ഷകൾ. ഓൺലൈൻ അപേക്ഷകൾ ഉൾപ്പടെയാണിത്. തണ്ണീർത്തടങ്ങൾ,​ ചതുപ്പുകൾ,​ വയലുകൾ എന്നിവ ഉൾപ്പടെയുള്ള ഭൂമി പുരയിടമായി തരം മാറ്റുന്നതിന് മാസങ്ങൾക്ക് മുമ്പ് നൽകിയ അപേക്ഷകളാണ് വിവിധ കാരണങ്ങളുടെ പേരിൽ കെട്ടിക്കിടക്കുന്നത്. വീട് നിർമ്മാണത്തിന് ഉൾപ്പടെയുള്ള ആവശ്യങ്ങൾക്കായി ഭൂമി തരം മാ​റ്റുന്നതിന് നേരിടുന്ന കാലതാമസം സാധാരണക്കാർക്ക് ഏറെ ബുദ്ധിമുട്ടിക്കുകയാണ്. ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ടവയും അനുകമ്പ നൽകേണ്ട മ​റ്റ് കാരണങ്ങൾ വ്യക്തമാക്കിയവർക്കും മുൻഗണന നൽകി അപേക്ഷകളിൽ തീർപ്പാക്കണമെന്ന് റവന്യു വകുപ്പ് ഡയറക്ടർ നിർദ്ദേശിച്ചെങ്കിലും ഇതും പാലിക്കപ്പെട്ടില്ല. റവന്യുവകുപ്പിലെ രേഖകൾ ഡിജി​റ്റലൈസ് ചെയ്യുന്ന പ്രവൃത്തികൾക്ക് ജീവനക്കാർ അമി ശ്രദ്ധ നൽകിയതാണ് തരംമാറ്റൽ അപേക്ഷകൾ കുന്നുകൂടാൻ കാരണമായി പറയുന്നത്.

പ്രത്യേകസംഘത്തിൽ പ്രതീക്ഷ

1.സംസ്ഥാനത്ത് 2.75 ലക്ഷത്തിലേറെ അപേക്ഷകൾ ചുവപ്പുനാടയിൽ കുടുങ്ങിയപ്പോഴാണ് ഭൂമി തരംമാറ്റൽ ഊർജിതമാക്കാൻ സർക്കാർ തീരുമാനിച്ചത്

2. നടപടികൾ ഊർജിതമാക്കാനും ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാനും ഡെപ്യൂട്ടി കളക്ടർമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്

3.അപേക്ഷകൾ താലൂക്ക് അടിസ്ഥാനത്തിൽ തരംതിരിച്ചാണ് ഡെപ്യൂട്ടി കളക്ടർമാർക്ക് കൈമാറുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടനാട് താലൂക്കിലെ അപേക്ഷകൾ മാത്രമാകും ആലപ്പുഴ ആർ.ഡി ഓഫീസ് കൈകാര്യം ചെയ്യുക.

4. ജില്ലയിൽ ഏറ്റവുമധികം അപേക്ഷകരുള്ള ചേർത്തല താലൂക്കിലെ നടപടികൾക്ക് ദുരന്ത നിവാരണ അതോറിട്ടി ഡെപ്യൂട്ടി കളക്ടറും അമ്പലപ്പുഴയിൽ റിക്കവറി വിഭാഗം ഡെപ്യൂട്ടി കളക്ടറും നേതൃത്വം നൽകും. ജൂലായ് ഒന്നുമുതൽ പരിഷ്കാരം നിലവിൽ വരും

320 : നെൽവയൽ തണ്ണീർത്തട നിയമ ഭേദഗതി നടപ്പിലാക്കിയ ശേഷം ജില്ലയിൽ ഇതുവരെ തരംമാറ്റിയത് 320ഹെക്ടർ

കുറിയെഴുതി മടക്കിയത്

ഒമ്പതുതവണ!

മുക്കാൽ ശതമാനത്തിലധികം ഭൂമിയും നിലവുമായ പന്ത്രണ്ട് സെന്റ് സ്ഥലം തരംമാറ്റാൻ ചേർത്തലയിലെ ഫാം ഉടമ നൽകിയ അപേക്ഷ,​ ആലപ്പുഴ ആർ.‌ഡി ഓഫീസിൽ നിന്ന് കുത്തിയതോട് വില്ലേജിലേക്ക് കുറിയെഴുതി മടക്കിയത് ഒമ്പതുതവണ. ആർ.ഡി ഓഫീസിൽ തരംമാറ്റൽ വിഭാഗത്തിലെ ജീവനക്കാർ ഉന്നയിച്ച ചോദ്യങ്ങൾക്കെല്ലാം ഒന്നിനുപുറകെ ഒന്നായി

ഒമ്പത് തവണ കുത്തിയതോട് വില്ലേജ് ഓഫീസ് മറുപടി നൽകിയെങ്കിലും അപേക്ഷയിൽ ഇനിയും തീരുമാനമായിട്ടില്ല. ഭൂമി തരംമാറ്റിയശേഷം അത് ഈടുവച്ച് വായ്പയെടുക്കാനുള്ള കർഷകനെയാണ് റവന്യൂ വകുപ്പ് വട്ടംകറക്കുന്നത്.

കെട്ടിക്കിടക്കുന്ന

അപേക്ഷകൾ : 19,342

ചേർ‌ത്തല: 11,614

കുട്ടനാട്: 4,306

അമ്പലപ്പുഴ: 3,422

തരംമാറ്റൽ വേഗത്തിലാക്കാനാണ് സർക്കാർ തീരുമാനം. ഭൂമിയുടെ സ്കെച്ചും മറ്റും അപേക്ഷകൻ സ്വന്തം നിലയ്ക്ക് ഹാജരാക്കിയാൽ കാലതാമസം ഒഴിവാക്കാം. വില്ലേജ് ഓഫീസുകളെ ഇത്തരം കാര്യങ്ങൾക്കായി ആശ്രയിക്കേണ്ടിവരുന്നതും ഡാറ്റാ ബാങ്കിന്റെ പരിമിതിയുമാണ് നടപടികൾ വൈകിക്കുന്നത്

-സൂപ്രണ്ട്, ആർ‌.ഡി ഓഫീസ്, ആലപ്പുഴ