ആലപ്പുഴ: ഭൂമി തരംമാറ്റൽ നടപടികൾക്ക് തടസമായി കൃഷിവകുപ്പിന്റെ മെല്ലപ്പോക്ക്. കൃഷി വകുപ്പ് ഡേറ്റാബാങ്ക് പൂർത്തിയാക്കാത്തതാണ് ഇതിനുകാരണം. 19342 ഭൂമിതരംമാറ്റൽ
അപേക്ഷകളാണ് ജില്ലയിൽ കെട്ടിക്കിടക്കുന്നത്. അതിൽ പകുതിയിലധികവും ഡേറ്റാബാങ്കിൽ തെറ്റായി രേഖപ്പെടുത്തിയ ഭൂവിവരത്തിൽ മാറ്റം ആവശ്യപ്പെട്ടുള്ളതാണ്. ഫോം അഞ്ച് പ്രകാരം നൽകുന്ന അപേക്ഷ തീർപ്പാക്കേണ്ടത് ഡേറ്റാബാങ്കിനെ ആശ്രയിച്ചാണെന്നിരിക്കെ ഭൂവിവരങ്ങളിൽ കടന്നുകൂടിയ പിശകുകൾ റവന്യുവകുപ്പിന് തലവേദനയായിരിക്കുകയാണ്.
ഡേറ്റാബാങ്ക് കുറ്റമറ്റതാക്കാൻ നടപടി ആവശ്യപ്പെട്ട് പലതവണ കൃഷി വകുപ്പിനെ സമീപിച്ചിട്ടും അനുകൂല മറുപടി ഉണ്ടായില്ലെന്നും, കൃഷി ഓഫീസർമാർ അവരവരുടെ പരിധിയിലെ തണ്ണീർത്തടത്തിന്റെ വിവരം ശേഖരിച്ച് രേഖപ്പെടുത്തിയാൽ മതിയെന്നിരിക്കെ ഇതിന് പോലും തയാറാകുന്നില്ലെന്നുമാണ് റവന്യൂ വകുപ്പിന്റെ കുറ്റപ്പെടുത്തൽ. ഇത് സംബന്ധിച്ച് മന്ത്റിതല ചർച്ച നടന്നെങ്കിലും ഫലപ്രദമായ തീരുമാനമുണ്ടായില്ല. ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട നടപടികൾ റവന്യൂ വകുപ്പ് ഇന്ന് മുതൽ ഡെപ്യൂട്ടി കളക്ടർമാരുടെ നേതൃത്വത്തിൽ ത്വരിതപ്പെടുത്തിയിരിക്കെ ഡേറ്റാബാങ്കിന്റെ അഭാവം പ്രതിസന്ധിയുണ്ടാക്കും.
ജീവനക്കാരില്ലെന്ന് കൃഷി വകുപ്പ്
1.ഡേറ്റാബാങ്ക് തയ്യാറാക്കാൻ ഫീൽഡിൽ പോകുന്നതിന് പ്രതികൂല കാലാവസ്ഥയും ജീവനക്കാരുടെ കുറവുമാണ് തടസമായി കൃഷി വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് നടപടികൾ ത്വരിതപ്പെടുത്താനാണ് സർക്കാർ നീക്കം.
ആലപ്പുഴ, ചെങ്ങന്നൂർ ആർ.ഡി ഓഫീസ് പരിധികളിലെ കൃഷി ഓഫീസർമാരുടെ ഓൺ ലൈൻ മീറ്റിംഗ് വിളിച്ച ജില്ലാകളക്ടർ രണ്ടാഴ്ചയ്ക്കകം നടപടികൾ പൂർത്തിയാക്കാൻ നിർദേശിച്ചിട്ടുണ്ട്
2. അതേസമയം, ഭൂമി തരംമാറ്റത്തിന്റെ മറവിൽ സംസ്ഥാനത്ത് വൻ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് റവന്യൂ ഡിവിഷനൽ ഓഫീസുകളിൽ വിജിലൻസ് നടത്തിയ പരിശോധനകളിൽ കണ്ടെത്തിയിരുന്നു. വിരമിച്ച റവന്യൂ ഉദ്യോഗസ്ഥരും ചില ഏജൻസികളും ക്രമവിരുദ്ധമായി ഇടപെടുന്നതായാണ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്
ഭൂമിതരംമാറ്റൽ
അപേക്ഷകൾ
50 സെന്റ് വരെ: 13,319
50 സെന്റിന് മുകളിൽ : 6,003
ക്രമപ്പെടുത്താൻ: 682