
വള്ളികുന്നം: മഴക്കെടുതിയിൽ മരങ്ങൾ കടപുഴകി വൈദ്യുതി പോസ്റ്റുകളും അനുബന്ധ ഉപകരണങ്ങളും തകർന്നതോടെ വള്ളികുന്നം കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ് പരിധിയിൽ മൂന്നര ലക്ഷത്തോളം രൂപയുടെ നഷ്ടം. കാലവർഷക്കെടുതിയെ തുടർന്ന് തകരാറിലായ വൈദ്യുതി വിതരണം രണ്ട് ദിവസത്തിന് ശേഷമാണ് സാധാരണ നിലയിലായത്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വട്ടയ്ക്കാട് ഭാഗത്ത് അഞ്ച് പോസ്റ്റുകളാണ് ഒടിഞ്ഞത്. വൈദ്യുതി കമ്പികളും പൊട്ടി. കാഞ്ഞിരത്തുംമൂട് ചമയം സ്റ്റുഡിയോക്ക് സമീപവും ഭരണിക്കാവ് പഞ്ചായത്തിലെ മങ്ങാരത്തും മരങ്ങൾ വീണ് 14 പോസ്റ്റുകളും നശിച്ചു. ഫയർഫോഴ്സിന്റെയും ഗ്രാമ പഞ്ചായത്തംഗങ്ങളുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് മരങ്ങൾ മുറിച്ചുനീക്കിയത്.