
ആലപ്പുഴ : മാവേലിക്കരയിൽ കാർ പോർച്ചിന്റെ മേൽക്കൂര ഇടിഞ്ഞ് അകപ്പെട്ട തൊഴിലാളികളെ പുറത്തെടുക്കാനായത് ഏറെനേരം നീണ്ട പരിശ്രമത്തിലൂടെ. മേൽക്കൂരയ്ക്കും കോൺക്രീറ്റിനുപയോഗിച്ച ഇരുമ്പ് ഷീറ്റിനും ഇടയിൽ തൊഴിലാളികൾ അകപ്പെട്ടതാണ് രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയത്. ദുരന്തത്തിൽ മാവേലിക്കര കല്ലുമല പുതുച്ചിറ ആനന്ദൻ (കൊച്ചുമോൻ – 50), ചെട്ടികുളങ്ങര പേള സ്വദേശി സുരേഷ് (55) എന്നിവരാണ് മരിച്ചത്.
രണ്ടാഴ്ചമുമ്പാണ് കൂര ആകൃതിയിലുള്ള മേൽക്കൂര കോൺക്രീറ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെ കോൺക്രീറ്റിന്റെ തട്ട് ഇളക്കാനായി മുകളിൽ കയറിയ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. മൂന്നുപേർ താഴെ നിന്ന് തട്ടിന്റെ തൂണുകൾ ഇളക്കുന്നതിനിടെയാണ് ഇരുമ്പ് ഷീറ്റ് ഇളക്കാനായി മാവേലിക്കര കല്ലുമല പുതുച്ചിറ ആനന്ദൻ (കൊച്ചുമോൻ – 50), ചെട്ടികുളങ്ങര പേള സ്വദേശി സുരേഷ് (55) എന്നിവർ വീടിന്റെ മുകളിലേക്ക് കയറിയത്. വാർപ്പിന് ഉപയോഗിച്ച ഷീറ്റുകൾ ഇരുമ്പ് പാര ഉപയോഗിച്ച് കുത്തിയിളക്കുന്നതിനിടെ പൊടുന്നനെ ഉഗ്രശബ്ദത്തോടെ കോൺക്രീറ്റ് നിലം പൊത്തുകയായിരുന്നു. ശബ്ദം കേട്ട് താഴെ നിന്നിരുന്ന മൂന്നുപേരും ഓടിമാറി. ആനന്ദനും സുരേഷും കോൺക്രീറ്റ് പാളികൾക്കടിയിൽ അകപ്പെട്ടു. വീട്ടുടമ വിദേശത്താണ്.
ഒപ്പമുണ്ടായിരുന്നവരുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസി അഭിലാഷാണ് വീടിന്റെ മുകളിൽ കയറി, കോൺക്രീറ്റ് പാളികൾക്കടിയിൽ തൊഴിലാളികൾ കുടുങ്ങിയിട്ടുള്ളതായി സ്ഥിരീകരിച്ചത്. ഒരാളിന്റെ കാലുകൾ പുറത്തേക്ക് നീണ്ടിരുന്നതും മറ്റൊരാളുടെ കരച്ചിലും ശ്രദ്ധയിൽപ്പെട്ട അഭിലാഷ് വിവരം ഫയർഫോഴ്സിനെയും പൊലീസിനെയും അറിയിച്ചു. പത്തുമിനിട്ടിനകം ഫയർഫോഴ്സ് പാഞ്ഞെത്തിയെങ്കിലും കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് തൊഴിലാളികളെ രക്ഷിക്കാൻ ഏറെ നേരത്തെ പരിശ്രമം വേണ്ടിവന്നു. കോൺക്രീറ്റ് പാളികൾ ഉയർത്തിയ വിടവിലൂടെ ആനന്ദനെയാണ് ആദ്യം പുറത്തെടുത്തത്. പിന്നീട് അരമണിക്കൂറത്തെ പരിശ്രമത്തിനൊടുവിൽ കോൺക്രീറ്റ് പാളികൾ പൊട്ടിച്ചാണ് സുരേഷിനെ താഴെയിറക്കിയത്. ചലനമറ്റ നിലയിലായിരുന്നു ഇരുവരും. ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു.