ആലപ്പുഴ: നെഹ്‌റുട്രോഫി വള്ളംകളി നടക്കുന്ന ആലപ്പുഴയിലെ കനാലുകൾ ഇത്തവണ കളർഫുള്ളാകും. കനാലുകൾ വൃത്തിയാക്കി ദീപാലങ്കാരങ്ങളൊരുക്കും. ജില്ലാ കളക്ടർ അലക്‌സ് വർഗ്ഗീസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വള്ളംകളി പബ്ലിസിറ്റി കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പ്രചാരണത്തിന്റെ ഭാഗമായി ഡബിൾഡക്കർ ബസ് എത്തുമെന്നും ജില്ല കളക്ടർ പറഞ്ഞു. സൊസൈറ്റി സെക്രട്ടറി സമീർ കിഷൻ, കൺവീനർ ജില്ല ഇൻഫർമേഷൻ ഓഫീസർ കെ.എസ്.സുമേഷ്, കമ്മിറ്റിയംഗങ്ങളായ മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ നസീർ പുന്നയ്ക്കൽ, കൗൺസിലർ സിമി ഷാഫി ഖാൻ, പ്രസ് ക്ലബ്ബ് പ്രസിഡന്റ് ടി.കെ.അനിൽകുമാർ, സെക്രട്ടറി എസ്.സജിത്ത്കുമാർ, എ.കബീർ, കെ.നാസർ, എസ്.എ.അബ്ദുൽ സലാം ലബ്ബ, എം.പി.ഗുരുദയാൽ, രമേശൻ ചെമ്മാപറമ്പിൽ എന്നിവർ പങ്കെടുത്തു.

മറ്റ് തീരുമാനങ്ങൾ

#ആലപ്പുഴ പ്രസ് ക്ലബുമായി ചേർന്ന് തുഴത്താളം ഫോട്ടോപ്രദർശനം സംഘടിപ്പിക്കും. ഇതിനുള്ള തുക വർദ്ധിപ്പിക്കും.

#വി.ഐ.പി പവലിയനിൽ മറ്റുള്ളവർ പ്രവേശിക്കുന്നത് കർശനമായി നിരോധിക്കും. ഇതിനായി എസ്.ഐ. തലത്തിൽ കുറയാത്ത പൊലീസുണ്ടാകും.

# മാദ്ധ്യമപ്രവർത്തകർക്ക് സ്വതന്ത്രമായി ജോലി ചെയ്യാനുള്ള ഇരിപ്പിടവും ക്രമീകരണങ്ങളും ഉറപ്പുവരുത്തും

പ്ലാറ്റിനം കോർണർ

നെഹ്റുട്രോഫി വള്ളംകളിയിൽ ഇത്തവണ ആദ്യമായി പ്ലാറ്റിനം കോർണർ എന്ന പേരിൽ ലക്ഷ്വറി ബോക്സ് ഒരുക്കും. പരീക്ഷണാടിസ്ഥാനത്തിൽ ഒരുക്കുന്ന പ്ലാറ്റിനം കോർണറിൽ കുടുംബസമേതം വി.എെ.പി സൗകര്യങ്ങളോടെ വള്ളംകളി കാണാനുള്ള അവസരമാണ് വാഗ്ദാനം ചെയ്യുന്നത്.
ഇവർക്ക് പവലിയനിലേക്ക് വരുന്നതിനും പോകുന്നതിനും പ്രത്യേക ബോട്ട് സൗകര്യമുണ്ടാകും. കുടിവെള്ളം, ഭക്ഷണം, ഇരിപ്പിടം എന്നിവ പ്രത്യേകം തിരിച്ച് ഉറപ്പാക്കും. ഇവിടെ പൊലീസ് നിരീക്ഷണമുണ്ടാകും. 300പേർക്ക് പ്രത്യേകം ഇരിപ്പിടം ഒരുക്കാനാണ് ആലോചന.

25,000 രൂപയാണ് ഒരു കുടുംബത്തിന് ഈടാക്കുന്നത്.

ഓട്ടോറിക്ഷയ്ക്ക് ബാഡ്ജിംഗ്

നെഹ്റുട്രോഫി വള്ളംകളിയുടെ കൂടുതൽ പ്രചരണത്തിനായി ഓട്ടോക്കാർക്ക് ബാഡ്ജിംഗ് സിസ്റ്റം നൽകാൻ ആർ.ടി.ഒയ്ക്ക് നിർദ്ദേശം നൽകും. പരമ്പരാഗത ഭക്ഷണം ലഭ്യമാക്കാൻ ഫുഡ് കോർട്ടുണ്ടാകും. വിമാനത്താവളം, കെ.എസ്.ആർ.ടി.സി എന്നിവിടങ്ങളിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് എൻ.ടി.ബി.ആർ സൊസൈറ്റി തയ്യാറാക്കുന്ന കോഫി ടേബിൾ ബുക്ക് നൽകും. ബസുകളിലും ട്രെയിനുകളിലും പരസ്യം നൽകുന്നതിനും നടപടി സ്വീകരിക്കും. വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും.