മാവേലിക്കര: അമ്മയുടെ വിളിയും ബഹളവുംകേട്ടാണ് വീട്ടിനുള്ളിൽ നിന്നും അഭിലാഷ് പുറത്തേക്കോടിവന്നത്. അയൽവീട്ടിലെന്തോ അപകടം സംഭവിച്ചുവെന്നും നിലവിളികേൾക്കുന്നതായും അമ്മയിൽ നിന്ന് മനസിലാക്കിയ ഉടൻ തൊട്ടടുത്ത് കാർപോർച്ച് നിർമ്മാണത്തിലിരുന്ന തഴക്കര പുത്തൻ പുരയിടത്തിൽ സ്റ്റീഫൻ ഫിലിപ്പോസിന്റെ വീട്ടിലേക്ക് ഓടി. ഒപ്പമുണ്ടായിരുന്നവർ അപകടത്തിൽപ്പെട്ടതിന്റെ ആഘാതത്തിൽ തലയിൽ കൈവച്ച് നിലവിളിക്കുകയായിരുന്ന ശിവശങ്കരനെയും രാജുവിനെയും സുരേഷിനെയുമാണ് അഭിലാഷ് കണ്ടത്. കോൺക്രീറ്റ് ഇടിഞ്ഞ് കൂടെയുണ്ടായിരുന്നവർ അതിനുള്ളിൽ കുടുങ്ങിയെന്ന ഇവരുടെ വെളിപ്പെടുത്തൽ കേട്ട് കാർപോർച്ചിന് സമീപമെത്തി മുകളിലും താഴെയും വശങ്ങളിലും നോക്കിയെങ്കിലും ആരെയും കാണാൻ കഴിഞ്ഞില്ല. ഗോവണി മുഖേന വീടിന്റെ മുകളിലെത്തി നോക്കുമ്പോഴാണ് ഇടിഞ്ഞുവീണ കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ആനന്ദന്റെ കാലുകൾ പുറത്തേക്ക് നീണ്ടിരിക്കുന്നത് കണ്ടത്. വീണ്ടും പരതുമ്പോഴാണ് മറ്റൊരുകോണിൽ നിന്ന് സഹായം അഭ്യർ‌ത്ഥിച്ചുള്ള വിളികേൾക്കാനിടയായത്.ശബ്ദം കേട്ടെങ്കിലും ആളെ കാണാൻ കഴിയുമായിരുന്നില്ല. പിന്നെ ഒട്ടും വൈകിയില്ല. ഫയർഫോഴ്സിനെയും പൊലീസിനെയും വിവരം അറിയിച്ചു.ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട മൂന്നുപേരെയും വാഹനംവിളിച്ച് ആശുപത്രിയിലേക്ക് മാറ്റി. പത്തുമിനിട്ടിനകം പാഞ്ഞെത്തിയ അഗ്നിശമനസേനയ്ക്കൊപ്പം രക്ഷാപ്രവർത്തനങ്ങൾക്ക് സഹായവുമായി കൂടിയെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാൻ കഴിയാതെപോയതിന്റെ ദുഃഖത്തിലാണ് എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ അഭിലാഷ്.