
തുറവൂർ: തുറവൂർ - അരൂർ എലിവേറ്റഡ് ഹൈവേ നിർമ്മാണത്തെ തുടർന്ന് ശോച്യാവസ്ഥയിലായ ദേശീയപാതയിൽ അപകടത്തിൽപ്പെട്ട് മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും നഷ്ടപരിഹാരം നൽകണമെന്നാവശ്യം ശക്തമാകുന്നു.ദേശീയപാതയിൽ ജീവൻ പൊലിഞ്ഞത് ഇരുപതോളം പേർക്കാണ്. കുണ്ടും കുഴിയും വെള്ളക്കെട്ടും നിറഞ്ഞ പാതയുടെ വിവിധയിടങ്ങളിലായി നടന്ന അപകടങ്ങളിൽ പരിക്കേറ്റത് നൂറ് കണക്കിന് പേർക്കാണ്. എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണം നടക്കുന്ന എരമല്ലൂരിൽ ബൈക്ക് യാത്രികനായ യുവാവ് വെള്ളം നിറഞ്ഞ കുഴിയിൽ ചാടി ബൈക്ക് വീണ് മറിഞ്ഞു വീഴുകയും മുട്ടുകാലിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തുറവൂർ വളമംഗലം സ്വദേശിയായ ദീപക് ജയകുമാർ (27) ആണ് അപകടത്തിൽപ്പെട്ടത്. എറണാകുളത്തെ രണ്ട് ആശുപത്രികളിലായി ചികിത്സ തേടി.രണ്ടുദിവസം മുമ്പ് വലതു മുട്ടിലെ ലിഗമെന്റിനും മെനിസ്ക്കസിനും ഏറ്റ മുറിവുകളുടെ ശസ്ത്രക്രിയയ്ക്ക് ദീപക് വിധേയനായി. 3 ലക്ഷത്തിലധികം രൂപ ഇതിനായി ആശുപത്രിയിൽ ചെലവഴിക്കേണ്ടി വന്നു. രണ്ടുമാസത്തോളം പൂർണ വിശ്രമവും അതിനുശേഷം ആറുമാസത്തോളം വാഹനം ഓടിക്കാനും പറ്റാത്ത സ്ഥിതിയാണ് ദീപക്കിന് ഉണ്ടായിരിക്കുന്നത്.