arogya-samithi

മാന്നാർ: കുട്ടമ്പേരൂർ 10, 11, 12 വാർഡുകളിലെ ജനകീയ ആരോഗ്യ സമിതി യോഗം കുട്ടമ്പേരൂർ സബ് സെന്ററിൽ ചേർന്നു. 50 വീടുകൾ ചേർന്ന് രോഗപ്രതിരോധ ബോധവത്കരണ ക്ലാസുകളും രോഗ പരിശോധനയും നടത്തും. ജൂലായ് നാലിന് പന്ത്രണ്ടാം വാർഡിൽ കുറ്റിത്താഴ്ച്ചയിൽ പരിശോധന ക്യാമ്പിന് തുടക്കം കുറിക്കും. എല്ലാ തിങ്കളാഴ്ചയും ഉറവിട നശീകരണ പ്രവർത്തനങ്ങൾ, ചൊവ്വാഴ്ചകളിൽ 18 മുതൽ 59 വയസ് വരെയുള്ള സ്ത്രീകൾക്ക് വെൽ വുമൺ ക്ലിനിക് എന്ന പദ്ധതി മൂന്ന് വാർഡുകളിലെ വിവിധ പ്രദേശങ്ങളിൽ നടത്തുവാനും തീരുമാനിച്ചു. ബുധനാഴ്ചകളിൽ പരസഹായത്തോടെ നടക്കുന്ന രോഗികളെ പരിശോധിക്കുവാൻ പാലിയേറ്റീവ് ടീം ഭവനങ്ങളിൽ എത്തിച്ചേരും. വ്യാഴാഴ്ചകളിൽ പ്രഷർ ഷുഗർ തുടങ്ങി ജീവിതശൈലി രോഗങ്ങളുടെ പരിശോധന രാവിലെ 10 മുതൽ 12 വരെ സബ് സെന്റററിലും തുടർന്ന് ഉച്ചകഴിഞ്ഞ് വിവിധ വാർഡുകളിലെ ഭവനങ്ങളിലും നേരിട്ട് എത്തിച്ചേർന്ന് പരിശോധന നടത്തും. വെള്ളിയാഴ്ചകളിൽ രോഗപ്രതിരോധ കുത്തുവയ്പ്പും ശനിയാഴ്ചകളിൽ കൗമാരക്കാർക്ക് വാർഡിന്റെ വിവിധ പ്രദേശങ്ങളിൽ ബോധവത്കരണ ക്ലാസുകൾ നടത്തും. 12-ാം വാർഡ് മെമ്പർ അജിത്ത് പഴവൂർ അദ്ധ്യക്ഷത വഹിച്ചു. യോഗം ഗ്രാമപഞ്ചായത്ത് അംഗംരാധാമണി ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽ റൗഫ്, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് നിമ്മി എ.കരീം, മിഡ് ലെവൽ സർവീസ് പ്രൊവൈഡർ വിപിതരാജ്, സുശീല സോമരാജൻ, ആശാവർക്കർമാരായ ഭാഗ്യലക്ഷ്മി, സുജിത തുടങ്ങിയവർ സംസാരിച്ചു.