vellathil-road

മാന്നാർ : കാലങ്ങളായി മഴയെ പേടിച്ചു കഴിയുകയാണ് പരുമല ഉലവത്ത് കടവിലെ 7 കുടുംബങ്ങൾ. ചെറിയ മഴയിൽ പോലും ഇവി​ടെ വഴിയിലും പരിസരങ്ങളിലും വെള്ളം കയറും.

റോഡിൽ ഒരാൾപ്പൊക്കത്തിൽ വരെ വെള്ളമുണ്ടാകും. പരുമല പനയന്നാർകാവ് ക്ഷേത്രത്തിന് സമീപമുള്ള ഉലവത്ത് കടവ് ഭാഗത്ത് ഏഴ് കുടുംബങ്ങളിലായി 30 ഓളം താമസക്കാരാണുള്ളത്. മഴയെത്തിയാൽ ഇവിടുത്തെ കുട്ടികൾക്ക് സകൂളിൽ പോകുവാനോ, ആർക്കെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായാൽ അശുപത്രിയിൽ പോകുവാനോ കഴിയില്ല. കൂലിവേല ചെയ്ത് കുടുംബം പുലർത്തുന്ന ഇവർക്ക് ജോലിക്ക് പോകുവാനും കഴിയാതെ വരുന്നത്തോടെ ഇവർ പട്ടിണിയിലാകുന്ന അവസ്ഥയാണ്. മഴയെത്തുമ്പോഴെ വീട് പൂട്ടി മിക്ക കുടുംബങ്ങളും മറ്റിടങ്ങളിലേക്ക് പോകുകയാണ് പതിവ്. വർഷങ്ങളായി ദുരിതപൂർണമായ ജീവിതം നയിക്കുന്ന ഇവരെ സഹായിക്കുവാൻ അധികൃതർ തയ്യാറാകുന്നില്ല. മഴയത്ത് റോഡിൽ കയറുന്ന വെള്ളം ഒഴുകി പോകുവാൻ ഒരാഴ്ചയോളം എടുക്കുന്നതിനാൽ ഇവർക്കുള്ള ബുദ്ധിമുട്ടുകൾ ഏറെയാണ്.

റോഡ് മണ്ണി​ട്ട് ഉയർത്തണം

ഇവിടേക്കുള്ള റോഡ് മണ്ണിട്ടുയർത്തി ഈ കുടുംബങ്ങളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ മുട്ടാത്ത വാതിലുകളില്ല. ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും നിവേദനങ്ങൾ നൽകി മടുത്തതായും ഈ കുടുംബങ്ങൾ പറയുന്നു. എല്ലാ തി​രഞ്ഞെടുപ്പുകളിലും റോഡിന്റെ ആവശ്യം ഉയർന്ന് വരാറുണ്ടെങ്കി​ലും നടപടി​കളൊന്നുമുണ്ടായി​ട്ടി​ല്ല. എത്രയും വേഗം തങ്ങൾ അനുഭവിക്കുന്ന ഈ ദുരിത ജീവിതത്തിന് ഒരു ശാശ്വത പരിഹാരം കാണണമെന്നാണ് ഉലവത്ത് കടവിലുള്ള താമസക്കാരുടെ ആവശ്യം.