സ്കൂൾ തിങ്കളാഴ്ച തുറക്കും
ഹരിപ്പാട്: കുട്ടികൾക്കും അധ്യാപകർക്കും വയറു വേദനയും വയറിളക്കവും ഛർദിയുമുണ്ടായ ചിങ്ങോലി ചൂരവിള ഗവ. എൽ.പി സ്‌കൂളിൽ നിന്ന് ആരോഗ്യ വകുപ്പ് ശേഖരിച്ച വെളളത്തിൽ കോളിഫോം ബാക്ടീരിയയുടെയും വിസർജ്യത്തിൽ നോറോ വൈറസിന്റെയും സാന്നിദ്ധ്യം കണ്ടെത്തി. ജില്ലാ പബ്ലിക് ഹെൽത്ത് ലാബിൽ നടത്തിയ പരിശോധനയിലാണ് ബാക്ടീരിയയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞത്. ശേഖരിച്ച മൂന്നു സാമ്പിളുകളിലും 100 എം.എല്ലിന് 10 മുതൽ 12 വരെ കോളിഫോം ബാക്ടീരിയയുണ്ട്. നേരത്തേ ജല അതോറിറ്റി നടത്തിയ പരിശോധനയിലും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി പറഞ്ഞിരുന്നു. എൻ.ഐ.വി. യിൽ നടത്തിയ പരിശോധനയിലാണ് വിസർജ്യത്തിൽ നോറോ വൈറസ് കണ്ടെത്തിയത്. നോറോ വൈറസിന് പകർച്ചാ ശേഷി കൂടുതലാണ്. വയറുവേദനയ്ക്കും ഛർദ്ദിക്കും കാരണമാകുമെങ്കിലും ഈ വൈറസ് വലിയ അപകടകാരികളല്ല. ഇനി മഞ്ഞപ്പിത്ത പരിശോധനാഫലം കൂടി ലഭിക്കാനുണ്ട്.
ബാലാവകാശ കമ്മീഷനംഗം അഡ്വ. ജലജ ചന്ദ്രൻ ചിങ്ങോലി ചൂരവിള ഗവ. എൽ.പി. സ്‌കൂൾ സന്ദർശിച്ചു. പിന്നീട് സ്‌കൂളിൽ യോഗവും ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദ്മശ്രീ ശിവദാസൻ, ജല അതോറിറ്റി അസി. എൻജിനീയർ മുഹമ്മദ് അഷ്‌റഫ്, ജല അതോറിറ്റി ക്വാളിറ്റി കൺട്രോൾ അസി. എൻജിനീയർ രാജേഷ്, ഐ.സി.ഡി.എസ്. സൂപ്പർവൈസർ റാണി, പ്രഥമാധ്യാപിക സുധ, പഞ്ചായത്തംഗം വിജിത തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. രോഗബാധയെ തുടർന്ന് അടച്ച സ്‌കൂൾ തിങ്കളാഴ്ച തുറക്കും.
സൂപ്പർ ക്ളോറിനേഷൻ നടത്തി
മനുഷ്യരുടെയും മൃഗങ്ങളുടെയും വിസർജ്യത്തിൽ നിന്നാണ് കോളിഫോം ബാക്ടീരിയ പടരുന്നത്. മഴക്കാലങ്ങളിൽ ഇ-കോളി അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. ജലസ്രോതസ്സുകളിലേക്ക് കൂടുതൽ മലിന ജലം ഒഴുകുന്നതാണ് കാരണം. ജല അതോറിറ്റിയുടെ പൈപ്പുകൾ പലയിടത്തും പൊട്ടിക്കിടക്കുന്നുണ്ട്. വിസർജ്യ വസ്തുക്കളും മറ്റും കലർന്ന് പരന്നൊഴുകയും കെട്ടിനിൽക്കുകയും ചെയ്യുന്ന മലിനജലം പമ്പിംഗ് ഇല്ലാത്ത സമയങ്ങളിൽ തിരികെ പൈപ്പിലേക്ക് തന്നെ ഊഴ്ന്നിറങ്ങും. ഇന്നലെ പഞ്ചായത്തിൽ സൂപ്പർ ക്ലോറിനേഷൻ നടത്തി. രണ്ടു ദിവസത്തിനു ശേഷം വീണ്ടും ക്ലോറിനേഷൻ നടത്തും.