ഹരിപ്പാട് : പരീക്ഷ പേപ്പർ മൂല്യനിർണയം നടത്തിയ അദ്ധ്യാപകരുടെ അശ്രദ്ധ മൂലം എസ്.എസ്.എൽ.സി.ക്ക് മാർക്ക് നഷ്ടപ്പെട്ട സംഭവത്തിൽ അദ്ധ്യാപകർക്കെതിരെ വകുപ്പ് തല നടപടി എടുക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടു. നങ്ങ്യാർകുളങ്ങര ബഥനി ബാലികാമഠത്തിലെ വിദ്യാർത്ഥിനി തൃക്കുന്നപ്പുഴ പള്ളിപ്പാട്ടുമുറി കൂട്ടുങ്കൽ വീട്ടിൽ സാബു -രജി ദമ്പതികളുടെ മകൾ അനയ ആർ. സാബുവിന് ഏഴ് മാർക്ക് നഷ്ടപ്പെട്ട സംഭവത്തിലാണ് കമ്മിഷന്റെ ഉത്തരവ്. മാർക്ക് തിരികെ ലഭിക്കാൻ അനയയുടെ രക്ഷിതാക്കൾ മുട്ടാത്ത വാതിലുകളില്ല. സമയബന്ധിതമായി നഷ്ടപ്പെട്ട മാർക്ക് തിരികെ നൽകാൻ ബന്ധപ്പെട്ടവർ ഗൗരവം കാണിച്ചില്ല. തുടർന്നാണ് മുഖ്യമന്ത്രി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി, ബാലവകാശ കമ്മിഷൻ തുടങ്ങിയവരെ സമീപിച്ചത്. രണ്ടാം അലോട്ട്മെന്റ് പൂർത്തിയായതിന് ശേഷമാണ് മാർക്കിന്റെ കാര്യത്തിൽ നടപടിയുണ്ടായത്. പൊതു വിദ്യാഭ്യാസ ഡയറക്ടർ, പരീക്ഷാഭവൻ സെക്രട്ടറി, സ്കൂൾ ഹെഡ്മാസ്റ്റർ എന്നിവരെ എതിർ കക്ഷികളാക്കിയാണ് അയന ആർ.സാബു ബലാവകാശ കമ്മിഷനെ സമീപിച്ചത്. ഹർജിക്കാർക്കുണ്ടായ സാമ്പത്തിക നഷ്ടം പരിഹരിക്കുന്നതിന് അനുയോജ്യ നടപടി സ്വീകരിക്കണമെന്നും സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം ടി.സി.ജലജമോളുടെ ഉത്തരവിലുണ്ട്.