ആലപ്പുഴ: നഗരത്തിലെ ടൂറിസത്തിന്റെ മുഖച്ഛായ മാറുന്ന ഓപ്പൺ ജിം പദ്ധതി കാടുകയറുന്നു. പദ്ധതി പ്രദേശം കാണാനാവാത്ത തരത്തിലാണ് മുൻവശത്തെ ഗേറ്റിനോട് ചേർന്ന് ചെടികൾ പടർന്നുപിടിച്ചിരിക്കുന്നത്. ജിമ്മിനോട് ചേർന്ന് കെട്ടിയിരിക്കുന്ന നെറ്റ് വേലി പല ഭാഗത്തും തകർന്നു കിടക്കുകയാണ്. ഉള്ളിൽ കരിയിലകൾ നിറഞ്ഞ സ്ഥിതിയാണ്. പല ഭാഗത്തും ടൈലുകൾ ഇളകിക്കിടക്കുകയുമാണ്. കേവലം ജിം എന്ന സങ്കൽപ്പത്തിലൊതുക്കാതെ പുതുതലമുറയെ ആകർഷിക്കുന്ന തരത്തിലായിരുന്നു ഓപ്പൺ ജിം പ്രഖ്യാപിക്കപ്പെട്ടത്. ഒരു വ‌ർഷം മുമ്പ് ഏതാനും ഉപകരണങ്ങൾ സ്ഥാപിച്ചു. എന്നാൽ തുടർ പരിപാലനമില്ല. പാർക്കിന് നടുവിൽ രൂപപ്പെട്ടിരിക്കുന്ന വെള്ളക്കെട്ട്, പ്രദേശത്ത് നിന്ന് ജനങ്ങൾ മണൽ വാരിക്കൊണ്ടുപോകുന്നതിനെ തുടർന്ന് രൂപപ്പെടുന്നതാണെന്ന് നാട്ടുകാർ പറയുന്നത്. സമാന്തര ബൈപ്പാസിന്റെ ഫ്ലൈ ഓവർ നിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്ക് ഓപ്പൺ ജിമ്മും ടൂറിസം സ്‌പോട്ടും പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാനാണ് നഗരസഭാ അധികൃതർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഇക്കാലയളവിൽ പരിസരം വൃത്തിയായി പരിപാലിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

......

# ഓപ്പൺ ജിമ്മിനൊപ്പം

കോഫി-ജ്യൂസ് ഷോപ്പുകൾ, ജങ്ക് ഫുഡ് ശാലകൾ, ടൊയ്ലെറ്റ്, മാലിന്യ ട്രീറ്റ്മെന്റ് പ്ലാന്റ്. 790 ചതുരശ്രമീറ്റർ ചുറ്റിവളയുന്നതാണ് നടപ്പാത,​ തുറന്ന സ്റ്റേജ്.

......

# പദ്ധതി തുക: 1.5 കോടി

# സൗജന്യമാക്കണം

മുൻ യു.ഡി.എഫ് ഭരണസമിതി അമൃത് പദ്ധതിയിൽപ്പെടുത്തിയാണ് പാർക്കും ഓപ്പൺ ജിമ്മും നിർമ്മിച്ചത്. തുടർന്ന് വന്ന എൽ.ഡി.എഫ് ഭരണസമിതി ഉപകരണങ്ങൾ എത്തിച്ചു. അമൃത് പദ്ധതി പ്രകാരം ആവിഷ്ക്കരിക്കുന്ന പദ്ധതിയായിതിനാൽ സേവനങ്ങൾ സൗജന്യമായിരിക്കണമെന്നാണ് പൊതുജനാഭിപ്രായം.

.....

''ഒരുകാലത്ത് സമൂഹ്യവിരുദ്ധരുടെയും മാലിന്യ നിക്ഷേപത്തിന്റെയും കേന്ദ്രമായിരുന്നു. പദ്ധതി വൈകുന്നതിനാൽ വീണ്ടും പ്രദേശം പഴയ നിലയിലേക്ക് നീങ്ങുകയാണ്.

-മനോജ് കുമാർ, പ്രദേശവാസി