അമ്പലപ്പുഴ താലൂക്കിൽ 26 വീടുകൾ ഭാഗികമായി തകർന്നു

ആലപ്പുഴ : ജില്ലയിൽ ഇന്നലത്തെ പകൽ മഴ മാറിനിന്നെങ്കിലും കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായി തുടരുന്നത് ആശങ്ക പകരുന്നു. ഇന്നലെയും കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിൽ ജലനിരപ്പ് താഴ്ന്നില്ല. പുഞ്ചകൃഷിക്ക് വിതയ്ക്കായി നിലംഒരുക്ക് പൂർത്തീകരിച്ച പാടശേഖരങ്ങളുടെ പുറംബണ്ട് ഏത് സമയവും തകരും വിധം ജലനിരപ്പ് ഉയർന്നിട്ടുണ്ട്.

പമ്പാനദിയിലും അച്ചൻകോവിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്. ഇന്നലെ അമ്പലപ്പുഴ താലൂക്കിൽ 26 വീടുകൾ ഭാഗികമായി തകർന്നു. കരകൃഷിയും വ്യാപകമായി നശിച്ചു. തോട്ടപ്പള്ളി പൊഴിയിലൂടെയും കായംകുളം മത്സ്യബന്ധന തുറമുഖംവഴിയും നീരൊഴുക്ക് ശക്തമായത് ആശ്വാസകരമാണ്. ആറാട്ടുപുഴ, അമ്പലപ്പുഴ പഞ്ചായത്തുകളിൽ ഇന്നലെയും കടൽക്ഷോഭം ശക്തമായിരുന്നു.

രണ്ടാംകൃഷി ഇറക്കാത്ത പാടശേഖരങ്ങൾക്ക് ഉള്ളിലും പുറംബണ്ടിലും തുരുത്തുകളിലും താമസിക്കുന്നവരാണ് കൂടുതൽ ദുരിതത്തിലായത്. അപ്പർ കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങൾ എല്ലാം വെള്ളക്കെട്ടിലായി. നദീതീരത്തുള്ളവരുടെയും പാടശേഖരങ്ങളുടെ സമീപത്ത് താമസിക്കുന്നവരുടെയും വീടുകളിൽ വെള്ളം കയറാൻ തുടങ്ങി. താഴ്ന്ന പ്രദേശങ്ങൾ എല്ലാം വെള്ളത്തിലായതോടെ ജനജീവിതം ദുസഹമായി തീർന്നു. മാമ്പുഴക്കരി, വെളിയനാട്, എടത്വ, തലവടി, ആനാരി, കരുവാറ്റ, ചെറുതന, നിരണം, കടപ്രാ, മുട്ടാർ, വീയപുരം, നീരേറ്റുപുറം, തകഴി, ആയാപറമ്പ്, കാരിച്ചാൽ, പാണ്ടി, കളങ്ങര, തായങ്കരി, കണ്ടങ്കരി പ്രദേശങ്ങളിലെ താഴ്ന്ന സ്ഥലങ്ങൾ എല്ലാം വെള്ളക്കെട്ടിൽ മുങ്ങി. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയവും വെള്ളത്തിലായി.

റോഡുകളും വെള്ളത്തിൽ

എ.സി റോഡ് ഒഴികെ ഒട്ടുമിക്ക റോഡുകളും പ്രദേശം വെള്ളത്തിനടിയിലാണ്. മുട്ടാർ പ്രദേശത്തെ റോഡുകൾ പൂർണമായും വെള്ളത്തിലായി. നീരേറ്റുപുറം, കിടങ്ങറ റോഡിൽ നിരവധി സ്ഥലങ്ങളിലാണു വെള്ളം കയറിയിട്ടുള്ളത്. തലവടി പഞ്ചായത്ത് 7-ാം വാർഡ് പ്രദേശത്താണു കൂടുതൽ വെള്ളം കയറിയത്. ചക്കുളത്തുകാവ് റോഡിൽ മുട്ടറ്റം വെള്ളം കയറി. കുതിരച്ചാൽ പുതുവൽ പ്രദേശത്ത് 20ൽ പരം വീടുകളിൽ വെള്ളത്തിലാണ്. എടത്വ പഞ്ചായത്ത് കൊടുപ്പുന്ന പഴുതി റോഡിലും വെള്ളം കയറി. പാലത്തിന്റെ തൂണുകളിൽ മാലിന്യം തടഞ്ഞു നിൽക്കുന്നതാണു ജലഗതാഗതത്തിന് ഭീഷണിയായിട്ടുണ്ട്.

.