ചേർത്തല: ഡോക്ടേഴ്സ് ദിനത്തിൽ പാവപ്പെട്ടവർക്ക് സഹായകരമായ 'കളയാതെ കരുതാം' പദ്ധതിയുമായി ഐ.എം.എ ചേർത്തലയും അസോസിയേഷൻ ഒഫ് കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ഓർഗനൈസേഷൻ ഒഫ് കേരളയും. പുനരുപയോഗത്തിന് പറ്റുന്ന വസ്ത്രങ്ങളും മറ്റും സമാഹരിച്ച് പാവങ്ങൾക്കായി കൈമാറുന്നതാണ് പദ്ധതി. വിവിധ ഭാഗങ്ങളിൽ നിന്ന് വസ്ത്രങ്ങളടക്കം സമാഹരിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചതായി ഐ.എം.എ ചേർത്തല പ്രസിഡന്റ് ഡോ.വി.ശ്രീദേവൻ,സെക്രട്ടറി ഡോ.അരുൺ ജി.നായർ,അക്കോക്ക് ചേർത്തല പ്രസിഡന്റ് എസ്.ശിവമോഹൻ,ജില്ലാ ട്രഷറർ എം.ഹരികൃഷ്ണൻ,ജോയിന്റ് സെക്രട്ടറി എസ്.സംഗീത,ശ്യാംകൃഷ്ണൻ എന്നിവർ അറിയിച്ചു.
ഒന്നിന് രാവിലെ ചേർത്തല എൻ.എസ്.എസ് യൂണിയൻ ഹാളിലാണ് പുനരുപയോഗയോഗ്യമായ സാമഗ്രികൾ സമാഹരിക്കുന്നത്. 7.45ന് ഡോ.ജെ.വിജയകുമാർ ഉദ്ഘാടനം ചെയ്യും. സമാഹരിക്കുന്ന സാമഗ്രികൾ വഴിയോരങ്ങളിൽ കഴിയുന്നവർക്കും വൃദ്ധസദനങ്ങൾ,​ മാനസികാരോഗ്യ കേന്ദ്രങ്ങൾ,​ അനാഥാലയങ്ങൾ എന്നവയ്ക്ക് കൈമാറുമെന്ന് ഭാരവാഹികൾ അറിയിച്ചു.