
മാവേലിക്കര : കാൻഫെഡ് സ്ഥാപക നേതാവ് പി.ടി.ഭാസ്‌ക്കരപ്പണിക്കരിന്റെ പേരിൽ ഏർപ്പെടുത്തിയ പുരസ്‌കാരത്തിന് ജോർജ് തഴക്കര അർഹനായി. സാക്ഷരതയജ്ഞം ഇൻസ്ട്രക്ടർ, റിസോഴ്സ് പേഴ്സൺ, തുല്യത പരീക്ഷ അധ്യാപകൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച ജോർജ് തഴക്കര പതിനഞ്ചോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള സ്റ്റേറ്റ് പേരന്റ്സ് ടീച്ചേഴ്സ് അസോസിയേഷന്റെ പ്രഥമ മാതൃക പി.ടി.എ പ്രസിഡന്റ് പുരസ്‌കാരം (2020), ന്യൂയോർക്ക് സെന്റ് ബേസിൽ പബ്ലിക്കേഷൻസ് പുരസ്‌കാരം (2010), മാത്തൻ തരകൻ അവാർഡ് (1998) എന്നിവ ലഭിച്ചിട്ടുണ്ട്.
ഗുരു നിത്യചൈതന്യയതി ഫൗണ്ടേഷൻ ഡയറക്ടർ, ലൈബ്രറി സെക്രട്ടറി, കേരളപാണിനി അക്ഷരശ്ലോക സമിതി വൈസ് പ്രസിഡന്റ്, ഓണാട്ടുകര സാഹിതി ട്രഷറർ തുടങ്ങിയ നിലയിൽ പ്രവർത്തിക്കുന്നു.
ബിരുദാനന്തര ബിരുദവും ഹ്യൂമൻ റിസോഴ്സിൽ എം.ബി.എയും ലഭിച്ചിട്ടുള്ള ജോർജ് തഴക്കര പ്രാദേശിക ചരിത്രപഠനത്തിൽ ഗവേഷണം നടത്തുകയാണ്. ടൈംസ് ഓഫ് അമേരിക്കൻ മലയാളി ഡോട്ട് കോമിന്റെ എഡിറ്ററാണ്. ജൂൺ 30ന് 3ന് കവടിയാർ വിൻഡ്സർ രാജധാനിയിൽ നടക്കുന്ന കാൻഫെഡിന്റെ നാല്പത്തിയേഴാമത് വാർഷിക സമ്മേളനത്തിന്റെ സമാപനത്തിൽ വച്ച് മുൻ മന്ത്രി ബിനോയ് വിശ്വം പുരസ്‌കാരം നൽകും.
കാൻഫെഡ് ചെയർമാൻ ബി.എസ്.ബാലചന്ദ്രൻ അധ്യക്ഷനാകും.