
#ഇന്ന് ഡോക്ടേഴ്‌സ് ദിനം
ആലപ്പുഴ : കാഴ്ചപരിമിതരായ നൂറുകണക്കിന് ആളുകൾക്ക് ആശ്വാസത്തിന്റെ കെടാവിളക്കാകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഡോ.ഉമ്മൻ വർഗീസ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ 400ഓളം പേർക്കാണ് സ്വന്തം ചെലവിൽ അദ്ദേഹം തിമരശസ്ത്രക്രീയ നടത്തിയത്. രണ്ടരപതിറ്റാണ്ടായി ആതുരസേവന രംഗത്ത് പ്രത്യാശയുടെ വെളിച്ചം നൽകുന്ന അദ്ദേഹം ജീവകാരുണ്യ പ്രവർത്തനത്തിലും സജീവമാണ്. ചെങ്ങന്നൂർ ഐ.എം.എയുടെ പ്രസിഡന്റായി പ്രവർത്തിക്കുന്ന ഡോ.ഉമ്മന്റെ വെള്ളപ്പൊക്ക ദുരിതാശ്വാസകാലത്തെയും കൊവിഡ് കാലത്തെയും രക്ഷാപ്രവർത്തനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഐ.എം.എ ഹെൽത്ത് ഫോർ ആൾ ഫൗണ്ടേഷന്റെ 2024ലെ മികച്ച ഡോക്ടർക്കുള്ള സംസ്ഥാന പുരസ്കാരം ആലപ്പുഴ വൈ.എം.സി.എ ആഡിറ്റോറിയത്തിൽ ഇന്ന് വൈകിട്ട് 5ന് ഗോവ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻ പിള്ള അദ്ദേഹത്തിന് സമ്മാനിക്കും.
വെളിച്ചമായി ഒപ്പമുണ്ട്
കൊട്ടാരക്കര വാളക തുണ്ടുവിള വീട്ടിൽ അദ്ധ്യാപക ദമ്പതികളായ ഒ.വർഗീസ്-അന്നമ്മ ദമ്പതികളുടെ മകനാണ് ഉമ്മൻ വർഗീസ്. കൊട്ടാരകര എസ്.ബി.എ ഹൈസ്കൂൾ, തിരുവല്ല മാർത്തോമ കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിന് ശേഷം മോസ്‌ക്കോ ഐ.എം സെചെനോവ് മെഡിക്കൽ അക്കാദമിയിൽ നിന്ന് എം.ബി.ബി.എസ് ബിരുദം നേടി. തുടർന്ന്,
കൊല്ലം ജില്ലാ ആശുപത്രി, കൊട്ടാരക്കര താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. കൃസ്ത്യൻ മെഡിക്കൽ കോളേജിൽ നിന്ന് ഒഫ്താൽമോളജിൽ ബിരുദാനന്തര ബിരുദം നേടി.
സർക്കാർ സർവീസ് ഉപേക്ഷിച്ച അദ്ദേഹം 2013ൽ ചെങ്ങന്നൂരിൽ ഡോ. ഉമ്മൻസ് ഐ.ഹോസ്പിറ്റൽ ആൻഡ് മൈക്രോ സർജറിസെന്റർ എന്ന സ്ഥാപനം ആരംഭിച്ചു. ഈ ആതുരാലയത്തിന്റെ നേതൃത്വത്തിൽ ആയിരത്തോളം നേത്രചികിത്സാ ക്യാമ്പുകൾ സംഘടിപ്പിക്കുകയും നൂറ് കണക്കിന് നിർദ്ധനരായ രോഗികളുടെ തിമിര ശസ്ത്രക്രിയ സൗജന്യമായി നടത്തിക്കൊടുക്കുകയും ചെയ്തു.
ചെങ്ങന്നൂർ സെന്റ് തോമസ് മിഷൻ ആശുപത്രിയിലെ ഫിസിഷ്യൻ ഡോ.സൂര്യ ഉമ്മൻ ആണ് ഭാര്യ. ബിലീവിയസ് മെഡിക്കൽ കോളേജിലെ മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിനി ജെമി അനി മകളാണ്.