-xfdesw

മുഹമ്മ: വിദ്യാർത്ഥികളായ സഹോദരങ്ങൾക്ക് സൗത്ത് ഫ്ലോർഡയിലെ നവകേരള മലയാളി അസോസിയേഷൻ നിർമ്മിക്കുന്ന വീടിന് പി.പി.ചിത്തരഞ്ജൻ എം.എൽ.എ തറക്കല്ലിട്ടു.മണ്ണഞ്ചേരി പഞ്ചായത്ത്‌ 21 -ാം വാർഡിൽ വാത്തിക്കാട്ട് മേഘരാജ്- പ്രമീള ദമ്പതികളുടെ മക്കളാണിവർ.മൂത്ത മകൾ ആലപ്പുഴ മുഹമ്മദൻസ് ഗേൾസ് സ്കൂളിൽ പ്ലസ് വണ്ണിനും ഇളയ മകൻ മണ്ണഞ്ചേരി സ്കൂളിൽ ആറാം ക്ലാസിലുമാണ് പഠിക്കുന്നത്. ഷീറ്റ് മേഞ്ഞ ചെറിയ വീട്ടിലാണ് നാലാംഗ കുടുംബം തലചായ്‌ക്കുന്നത്. ഏഴുലക്ഷം രൂപ വിനിയോഗിച്ചാണ് വീട് നിർമിക്കുന്നത്.എസ്.എസ്.എൽ.സിക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥിനിയെ അനുമോദിക്കാൻ മണ്ണഞ്ചേരി ഗവ.ഹൈസ്കൂളിൽ നിന്ന്, അദ്ധ്യാപകരും പി.ടി.എക്കാരും വീട്ടിൽ ചെന്നപ്പോളാണ് ഇവരുടെ അവസ്ഥ മനസിലായത്. ക്ലാസ് ചുമതലയുള്ള അദ്ധ്യാപിക വിധു നഹാർ ഇവരെക്കുറിച്ച് അമേരിക്കയിലെ മലയാളി അസോസിയേഷൻ പ്രവർത്തകരെ അറിയിച്ചു. തുടർന്ന് ഈ കുടുംബത്തിന് വീട് വച്ചു നൽകാൻ തീരുമാനിക്കുകയായിരുന്നു.തറക്കല്ലിടൽ ചടങ്ങിൽ നവകേരള മലയാളി അസോസിയേഷൻ പ്രസിഡന്റ് സുശീൽകുമാർ നാലകത്ത് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം ആർ. റിയാസ്, പഞ്ചായത്ത് പ്രസിഡന്റ് ടി. വി. അജിത്കുമാർ, വൈസ് പ്രസിഡന്റ്‌ പി. എ. ജുമൈലത്ത്, ഗ്രാമപഞ്ചായത്ത് അംഗം കെ. എസ്. ഹരിദാസ്, പി.ടി.എ പ്രസിഡന്റ്‌ സി.എച്ച്.റഷീദ്, എസ്.എം.സി ചെയർമാൻ മുഹമ്മദ്‌ മുസ്തഫ, മുൻ പ്രധാനാദ്ധ്യാപിക എം.കെ.സുജാതകുമാരി, പ്രധാനാദ്ധ്യാപികയുടെ ചുമതല വഹിക്കുന്ന കെ.എം.ജ്യോതിഷ് കുമാരി, സീനിയർ അസിസ്റ്റന്റ് ഡി. ദിലീപ് കുമാർ, സ്റ്റാഫ്‌ സെക്രട്ടറി എ. ജി. വിധു എന്നിവർ സംസാരിച്ചു.