ambala

അമ്പലപ്പുഴ: ശക്തമായ കടലാക്രമണത്തിൽ വീടിന്റെ പുറകുഭാഗം നിലം പൊത്തി. പുന്നപ്ര തെക്ക് പഞ്ചായത്ത് 16-ാം വാർഡ് തയ്യിൽ യേശുദാസിന്റെ വീടിന്റെ പുറകുവശമാണ് കുറ്റൻ തിരമാലകൾ കവർന്നത്. ടോയ്ലറ്റും ഫലവ്യക്ഷങ്ങളും കടലിലേക്ക് ഒലിച്ചുപോയി. ഇന്നലെ വൈകിട്ടോടെയാണ് പ്രദേശത്ത് കടൽ ഇരച്ചുകയറിയത്. ജോയി പള്ളി പറമ്പിൽ, യേശുദാസ് പുത്തൻപുരയ്ക്കൽ, ലീലാ സൈമൺകുടിയാംശ്ശേരിൽ എന്നിവരുടെ വീടുകളും കടലാക്രമണ ഭീഷണിയിലാണ്. കഴിഞ്ഞ ദിവസം കെ.സി.വേണുഗോപാൽ എം.പി പ്രദേശം സന്ദർശിച്ച് അടിയന്തരമായി കടൽഭിത്തി നിർമാണം പൂർത്തിയാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.