
മാന്നാർ: മാന്നാർ ഗ്രാമപഞ്ചായത്തിന്റെ പടിഞ്ഞാറേ അതിർത്തിയിലുള്ള ചക്കിട്ടപ്പാലം അപകടാവസ്ഥയിലായിട്ട് വർഷങ്ങളായി. ജീർണാവസ്ഥയിലായ ഈ പാലത്തിലൂടെ ഭീതിയോടെയാണ് നാട്ടുകാരുടെ സഞ്ചാരം. മാന്നാർ പഞ്ചായത്ത് 1–ാം വാർഡിലെ ഇലമ്പനം തോടിനു കുറുകെയുള്ള ചക്കിട്ടപ്പാലത്തിന്റെ പല ഭാഗങ്ങളും കാലപ്പഴക്കത്താൽ പൊളിഞ്ഞു കിടക്കുകയാണ്. ഒരു ഭാഗത്തെ തകർന്ന് പോയ കൈവരിക്ക് പകരം മുള കെട്ടിയാണ് സംരക്ഷണം ഒരുക്കിയിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് നെല്ല് കയറ്റി വന്ന ലോറി തട്ടിയതോടെ മറ്റൊരു ഭാഗത്തെ കൈവരി കൂടി അടർന്നു വീണതോടെ കാൽനടയാത്രക്കാരും ഭീതിയോടെയാണ് ഇതിലൂടെ സഞ്ചരിക്കുന്നത്. പാലത്തിന്റെ തൂണുകളുടെ അടി ഭാഗത്തു നിന്ന് മണ്ണ് ഒഴുകിപ്പോയത് കാരണം പാലം ഇരുത്തിയതായിട്ടാണ് നാട്ടുകാരുടെ വിലയിരുത്തൽ. ഭാരം കയറ്റിയ വലിയ ലോറികൾ ഈ വഴിക്കു വരുമ്പോൾ അപകടസാദ്ധ്യത വർദ്ധിക്കും.
........
#ഗോവണിപ്പാലം കല്യാണിപ്പാലമായി
അറുപതുകളിൽ ഗോവണിപ്പലമായിരുന്നു ഇവിടെ. പാലത്തിന്റെ ഇരു വശത്തും നിർമ്മിച്ച ഗോവണിയിലൂടെ കയറി പാലത്തിലെത്തി വേണം മറുകര കടക്കാൻ. അതുകാരണം വാഹനങ്ങൾക്ക് കടന്നു പോകുവാൻ കഴിയുമായിരുന്നില്ല. വാലേൽ വാഴത്തറയിൽ കല്യാണിയുടെ വീടു മാത്രമാണു ചക്കിട്ട – വാലേൽ മുക്കം ഭാഗത്ത് ഒരു കാലത്ത് ഉണ്ടായിരുന്നത്. കൃഷിക്കാരൊഴിച്ചാൽ കർഷകത്തൊഴിലാളിയായ കല്യാണി മാത്രമായിരുന്നു പാലം ഉപയോഗിച്ചിരുന്നത്. അങ്ങനെ കല്യാണിപ്പാലമെന്ന വിളിപ്പേര് വീണു. പാലത്തിന്റെ ശോചനീയാവസ്ഥയ്ക്കു പരിഹാരമായി 1984– 85 വർഷത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ നിർമ്മിച്ച ചക്കിട്ടപ്പാലത്തിന്റെ ഉദ്‌ഘാടനം, 1986 ഒക്ടോബർ 19ന് അന്നത്തെ ഗ്രാമവികസന മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയാണു നിർവഹിച്ചത്.
.........................
മന്ത്രി സജി ചെറിയാൻ പാസത്തിന്റെ നിർമ്മാണോദ്‌ഘാടനം നടത്തിയെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പ് എത്തിയതോടെ നടപടികൾ നീണ്ടു.
മൂർത്തിട്ട– മുക്കാത്താരി –ചക്കിട്ടപ്പാലം ബണ്ടു റോഡു നിർമാണത്തിന്റെ ഭാഗമായി ചക്കിട്ടപ്പാലം പൊളിച്ച് പുതിയ പാലം നിർമ്മിക്കാനാണ് പദ്ധതി.
കിഫ്ബിയിൽ നിന്നും അനുവദിച്ച 10 കോടി രൂപ ചെലവഴിചാണ് നിർമ്മാണം.
മാന്നാറിൽനിന്ന് വള്ളക്കാലിലേക്കുള്ള സമാന്തരമായ റോഡിന്റെ നിർമാണം പൂർത്തിയാകുന്നതോടെ കാർഷികമേഖലയ്ക്ക് ഉണർവേകും.